ചേർത്തല: എസ്എന്‍ ട്രസ്റ്റ് തെരഞ്ഞെടുപ്പിൽ വെള്ളാപ്പള്ളി നടേശന്റെ പാനലിനെതിരേ മത്സരിക്കാന്‍ യോഗം സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ 115 പേരുടെ മറ്റൊരു പാനൽ രംഗത്ത്.
യോഗം ഓഫീസില്‍ തൂങ്ങിമരിച്ച എസ്എന്‍ഡിപി കണിച്ചുകുളങ്ങര യൂണിയന് സെക്രട്ടറിയും മൈക്രോഫിനാന്‍സ് സംസ്ഥാന കോ-ഓര്‍ഡിനേറ്ററുമായിരുന്ന കെ.കെ. മഹേശന്റെ ഭാര്യയും കുടുംബാംഗങ്ങളും മത്സര രംഗത്തുണ്ട്.
കെ.കെ. മഹേശന്റെ മരണവുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി നടേശനെയും മകന് തുഷാര്‍ വെള്ളാപ്പള്ളിയെയും അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു.
26 ന് ചേര്‍ത്തലയില്‍ നടക്കുന്ന മത്സരത്തിലാണ് വെള്ളാപ്പള്ളിയുടെ പാനലും യോഗം സംരക്ഷണ സമിതിയുടെ പാനലും നേര്‍ക്കുനേര്‍ മത്സരിക്കുന്നത്.
മുന്‍കാലങ്ങളില്‍ വെള്ളാപ്പള്ളിക്കെതിരെ മത്സരിക്കാന്‍ പോലും ആരും തയാറാകാത്തവേളയിലാണ് ഇത്തവണ 115 പേര് മത്സരിക്കാന്‍ രംഗത്തെത്തിയത്.
വെള്ളാപ്പള്ളിക്കെതിരേ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നുവന്നതും വെള്ളാപ്പള്ളിയുടെ മനഃസാക്ഷിസൂക്ഷിപ്പുകാരനായിരുന്ന കെ.കെ.മഹേശന്റെ മരണവും ഇത്തവണ മത്സരം കടുപ്പിക്കാനുള്ള കാരണമായി ചൂണ്ടികാണിക്കപ്പെടുന്നു.
കെ.കെ. മഹേശന്റെ ഭാര്യ ഉഷാദേവിയും കുടുബാംഗങ്ങളും ഉള്‍പ്പെടെ 15 ഓളം പേരാണ് മത്സരിക്കുന്നത്.