ചേർത്തല: ശ്രീനാരായണ ട്രസ്റ്റിന്റെ രണ്ടാംഘട്ട വോട്ടെടുപ്പിൽ വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തിലുള്ള പാനലിന് വിജയം. ചേർത്തല എസ്എൻ കോളജിൽ നടന്ന 3 (ഡി) വിഭാഗം തിരഞ്ഞെടുപ്പിൽ ഔദ്യോഗിക പാനലിൽ നിന്ന് 224 പേരും എതിർ പക്ഷത്ത് നിന്ന് 92 പേരുമാണ് മത്സരിച്ചത്.
വെള്ളാപ്പള്ളി വിഭാഗം താക്കോൽ ചിഹ്നത്തിലായിരുന്നുമത്സരിച്ചത്. എതിർ സ്ഥാനാർഥികൾക്ക് പൊതുവായ ചിഹ്നം ഉണ്ടായിരുന്നില്ല. ആകെയുള്ള 2240 വോട്ടർമാരിൽ 1350 പേർ വോട്ട് ചെയ്തു.12 വോട്ടുകൾ അസാധുവായി.
ഔദ്യോഗിക പാനലിൽ മത്സരിച്ച സ്ഥാനാർഥികൾക്ക് 1269 വോട്ടുവരെ നേടാനായി. കുറഞ്ഞ വോട്ട് 1171 ആണ്. രണ്ട് പേർ ഒഴികെയുള്ള എല്ലാ സ്ഥാനാർഥികൾക്കും 1200 ന് മേൽ വോട്ട് ലഭിച്ചു.
എതിർ പക്ഷ സ്ഥാനാർത്ഥിക്ക് ലഭിച്ച കൂടിയ വോട്ട് 63 ഉം, കുറഞ്ഞത് 53 ഉം ആണ്. മുൻ ലോ സെക്രട്ടറിയും റിട്ട.സെഷൻസ് ജഡ്ജുമായ ബി.ജി. ഹരീന്ദ്രനാഥായിരുന്നു ചീഫ് റിട്ടേണിംഗ് ഓഫീസർ. ഒന്നാം ഘട്ട തെരഞ്ഞെടുപ്പിൽ വെളളാപ്പളളി പാനൽ വൻ വിജയം നേടിയിരുന്നു.
ആകെ പത്ത് മേഖലകളിൽ എട്ടിടത്തും എതിരുണ്ടായില്ല. മത്സരം നടന്ന കൊല്ലത്തും ചേർത്തലയിലും എല്ലാ സീറ്റും വെളളാപ്പളളി പക്ഷം നേടിയിരുന്നു. അടുത്തമാസം ഏഴിനാണ് മൂന്ന് (ഐ) വിഭാഗത്തിൽ തെരഞ്ഞെടുപ്പ്. എട്ടിന് ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടക്കും.