ചവറ: നാട്ടുകാര്‍ക്ക് ഭീഷണിയായിരുന്ന അണലികളെ ഒടുവില്‍ പിടികൂടി. തേവലക്കര പുത്തന്‍സങ്കേതം വടക്ക് പതിനാറാം വാര്‍ഡില്‍ തൈക്കൂട്ടത്തില്‍ ജംഗ്ഷന് സമീപത്തെ കാടുവളര്‍ന്ന് കിടന്ന തോട്ടത്തില്‍ ഓമനക്കുട്ടന്‍ പിള്ളയുടെ പുരയിടത്തില്‍ നിന്നാണ് നാലടിയോളം വലിപ്പമുള്ള അണലികളെ പാമ്പ് പിടുത്ത വിദഗ്ധര്‍ എത്തി പിടികൂടിയത്.
നിരവധി വീടുകള്‍ ഉള്ള പ്രദേശത്ത് സ്ഥിരമായി ഇഴജന്തുക്കളുടെ ശല്യം രൂക്ഷമായിരുന്നു. ഇതിന് മുന്‍പും പാമ്പുകളെ ഇവിടെ നിന്നും പിടികൂടിയിട്ടുണ്ട്. പുരയിടത്തിനരുകിലൂടെയുള്ള വഴിയില്‍ പാമ്പിനെ കണ്ടതോടെ നാട്ടുകാര്‍ പാമ്പുപിടുത്തക്കാരെ വിവരം അറിയിക്കുകയായിരുന്നു. സ്ത്രീകളും കുട്ടികളും നിരന്തരമായി കടന്നു പോകുന്ന വഴിയില്‍ സമീപ വാസിയായ സ്ത്രീയാണ് അണലിയെ കണ്ടത്. പാമ്പ് പിടുത്ത വിദഗ്ധര്‍ എത്തി കാടുവളര്‍ന്ന് കിടന്ന പുരയിടത്തില്‍ നടത്തിയ തിരച്ചിലാണ് രണ്ട് വലിയ അണലികളെ കാണുന്നത്.
കൊല്ലത്തെ ഗജ പരിപാലന സംഘത്തിലെ പ്രവര്‍ത്തകരായ മുരളി, ബിനു എന്നിവരാണ് ഏറെ നേരത്തെ പരിശ്രമത്തില്‍ അണലികളെ പിടികൂടിയത്. ഇഴജന്തുക്കളെ പേടിച്ച് വഴി നടക്കാന്‍ പോലുമാകാതിരുന്ന നാട്ടുകാര്‍ക്ക് അണലികള്‍ വലയിലായതോടെ ആശ്വാസമായെങ്കിലും കാട്ടിനുള്ളില്‍ ഇനിയും പാമ്പുകളുണ്ടെന്ന ഭീതിയിലാണ്. തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ നിലച്ചതോടെ പല പുരയിടങ്ങളും കാടുകയറി കിടക്കുകയാണ്. പദ്ധതി തയ്യാറാക്കി കാടുകള്‍ വൃത്തിയാക്കി നാട്ടുകാരുടെ ഭീതിയൊഴിവാക്കണമെന്ന ആവശ്യവും ശക്തമാണ്.