ജക്കാർത്ത: കാണാതായ യുവാവിന്റെ മൃതദേഹം പെരുന്പാന്പിന്റെ വയറ്റിൽ. ഇന്തോനേഷ്യയിലെ സുലാവെസി ദ്വീപിലായിരുന്നു സംഭവം. സുലാവെസി സ്വദേശിയായ അക്ബറിനെ (25) കഴിഞ്ഞ ഞായറാഴ്ച മുതൽ കാണാനില്ലായിരുന്നു.
ഇയാൾ വീടിനു സമീപമുള്ള എണ്ണപ്പന തോട്ടത്തിൽപോയതായിരുന്നു. ഇയാൾക്കായി ബന്ധുക്കളും നാട്ടുകാരും തെരച്ചിൽ നടത്തിവരുന്പോഴാണ് പെരുന്പാന്പ് വിഴുങ്ങിയ നിലയിൽ കണ്ടെത്തിയത്.
23 അടി നീളമുള്ള പാന്പിന്റെ വയറുകീറിയാണ് മൃതദേഹം പുറത്തെടുത്തത്. അക്ബറിനായുള്ള തെരച്ചിലിനിടെയാണ് കുഴിയിൽ അനങ്ങാൻ കഴിയാത്ത അവസ്ഥയിൽ പെരുന്പാന്പിനെ കണ്ടത്.
പാന്പിന്റെ വയറ്റിനുള്ളിലായ അക്ബറിന്റെ ഷൂസ് വ്യക്തമായി പുറത്തുകാണാമായിരുന്നു. ഇതോടെ നാട്ടുകാർ പാന്പിനെ പിടികൂടി കീറുകയായിരുന്നു. കുട്ടികളെയും മൃഗങ്ങളേയും പെരുന്പാന്പ് ഭക്ഷണമാക്കിയതായി റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും ഇത്തരത്തിലൊരു സംഭവം ആദ്യമായാണ്.