സജീവൻ പൊയ്ത്തുംകടവ്
കണ്ണൂർ: ഇരുട്ടിൽ കൈയ്യിൽ മതിയായ വെളിച്ചമില്ലാതെ നടക്കുന്നവർ ശ്രദ്ധിക്കുക അപകടം പാമ്പിന്റെ രൂപത്തിൽ ഇഴഞ്ഞെത്തും.ജില്ലയിൽ കഴിഞ്ഞ രണ്ടു വർഷത്തിനിടെ 18 പേരാണ് പാമ്പുകടിയേറ്റ് മരിച്ചത്.ജനവാസ കേന്ദ്രങ്ങളിൽ നിന്നാണ് കൂടുതൽ പേർക്ക് പാമ്പുകടിയേറ്റതെന്ന ഞെട്ടിപ്പിക്കുന്ന കണക്കുകളാണ് പുറത്തുവന്നിട്ടുള്ളത്.പയ്യന്നൂർ, പിലാത്തറ, പാപ്പിനിശേരി, അഴീക്കോട്, ആറളം, പയ്യാവൂർ, കൊട്ടിയൂർ തുടങ്ങിയ മേഖലകളിലാണ് പാന്പിന്റെ കടിയേറ്റ് മരിച്ചത്.
വനം വകുപ്പിന്റെ കണക്കു പ്രകാരം കഴിഞ്ഞ രണ്ടു വർഷത്തിനിടെ 270 പേർക്കാണ് പാമ്പു കടിയേറ്റത്. ഇവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി.അണലി, മൂർഖൻ പാന്പുകളുടെ കടിയേറ്റാണ് ഏറ്റവും കൂടുതൽ പേർ മരിക്കാനിടയായത്.
കാഞ്ഞിരോട്ട് തെരുവിലെ ഗോപാലൻ, ചിറക്കൽ നായനാർ നഗറിലെ ജി. വേണുഗോപാലൻ, പയ്യന്നൂരിലെ രാഘവൻ, കരിക്കോട്ടകരിയിലെ മാത്യു,അമ്പലത്തുങ്കണ്ടിയിലെ എൻ.രാധ,കൂടാളിയിലെ എ.രാധ,കൊളച്ചേരി ലോഹിദാക്ഷൻ,എളയാവൂരിലെ മാധവി,ഏച്ചൂരിലെ എ.സുനിത,കൊടിയേരിയിലെ ജയേഷ്,കല്ല്യാശേരി എ.കെ. മോഹനൻ,അഴീക്കോട് നീർക്കടവിലെ എ.കെ.രോഹിണി,വെളിയാൻഗോഡ് കെ.കെ. നാരായണൻ,പയ്യാവൂർ പി.കെ. വിജയൻ,കൊട്ടയംപൊയ്യിൽ കണ്ണോത്ത് കുമാരൻ,കാങ്കോലിലെ കെ.വി.കുമാരൻ എന്നിവരാണ് കഴിഞ്ഞ 23 മാസത്തിനിടെ പാന്പുകടിയേറ്റ് മരിച്ചത്.കൂടാതെ കഴിഞ്ഞ രണ്ടു വർഷത്തിനിടെ കാട്ടാനകളുടെ ചവിട്ടേറ്റ് മൂന്നു പേരും മരിച്ചു.കൊട്ടിയൂർ, ആറളം ഫാമാം മേഖലയിലാണ് മൂവരും മരിച്ചത്.
കൊട്ടിയൂർ വായത്തോടിലെ റജി, ആറളം ഫാം ബ്ലോക്ക് നന്പർ മൂന്നിലെ കരിയാത്തൻ,ആറളം ഫാം ബ്ലോക്ക് നന്പർ 10 ലെ ചപ്പിലിയിൽ കൃഷ്ണൻ എന്നിവരാണ് കാട്ടാനയുടെ അക്രമത്തിൽ മരിച്ചത്.അക്രമത്തിൽ നാലു പേർക്കും പരിക്കേറ്റിരുന്നു.കാട്ടുപന്നിയുടെ അക്രമത്തിൽ എട്ടു പേർക്ക് പരിക്കേറ്റിട്ടുണ്ട്.
നഷ്ടപരിപരിഹാരമുണ്ട്.പാമ്പുകടിയേറ്റു മരിക്കുന്നവരുടെ ആശ്രിതർക്ക് രണ്ടു ലക്ഷം രൂപയാണ് വനം വകുപ്പ് നഷ്ടപരിഹാരമായി നൽകുന്നത്. കാട്ടാനയുടെ അക്രമത്തിൽ മരണപെടുന്നവർക്ക് 1.5 ലക്ഷം രുപയും. പാന്പു കടിയേറ്റ് ചികിത്സയിൽ കഴുയുന്നവർക്ക് ആശുപത്രി ബില്ലിന്റെ അടിസ്ഥാനത്തിൽ ഒരു ലക്ഷം വരെ സാന്പത്തിക സഹായം ലഭിക്കും.
കഴിഞ്ഞ രണ്ടു വർഷങ്ങളിലായി വന്യജീവി അക്രമത്തിൽ പരിക്കേറ്റവർക്ക് നഷ്ടപരിഹാരമായി 27,32,745 രുപ നൽകിയിട്ടുണ്ട്. എന്നാൽ പലർക്കും നഷ്ടപരിഹാര തുകയെ കുറിച്ച് അറിവില്ലാത്തതു കാരണം തുക നഷ്ടമാകുന്ന സാഹചര്യവും നിലവിലുണ്ട്.
പാമ്പ് കടിയേൽക്കാതെ എങ്ങനെ രക്ഷപെടാം
കാലവർഷം ശക്തമായതോടെ പാന്പിന്റെ ഉപദ്രവവും കൂടിവരുന്നതായി വന്യ ജീവി സംരക്ഷകൻ റിയാസ് മാങ്ങാട് അഭിപ്രായപെടുന്നു. പാന്പിൽ നിന്നും രക്ഷനേടാൻ പ്രധാനമായും ചെയ്യേണ്ടത്.
*താമസ സ്ഥലത്തെ എലികളുടെ സാന്നിധ്യം ഒഴിവാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. രാത്രികാലങ്ങളിൽ ഇരതേടി വരുന്ന പാന്പുകൾ എലികളുള്ള സ്ഥലങ്ങളിലാണ് എത്തുന്നത്. പിന്നീട് വീടുകളിലെ ആൾ സാന്നിധ്യമില്ലാത്ത സ്ഥലങ്ങളിൽ ഒളിഞ്ഞിരിക്കും.
*വിറകും മറ്റും എടുക്കുമ്പോൾ വിറകുക്കൊണ്ട് തട്ടിയെടുക്കണം. കാഴ്ച എത്താത്ത ഭാഗങ്ങളിൽ കൈകൊണ്ടുപോകരുത്.
*ഇരുട്ടിൽ സഞ്ചരിക്കുന്പോൾ വെളിച്ചം കരുതണം
*ദിവസവും കാൽനടയായി സഞ്ചരിക്കുന്ന നടവഴികൾ വൃത്തിയാക്കുക, പാന്പ് ഒളിഞ്ഞിരിക്കുന്നത് ഇതുവഴി തടയാനാകും
*കിണറിൽ നിന്നും വെള്ളം കോരി ഉപയോഗിച്ച ശേഷം കയർ കിണറിൽ താഴ്ന്നു കിടക്കരുത്. പാമ്പ് കയറിൽ ചുറ്റി പിടിക്കാൻ സാധ്യതയുണ്ട്.
*പാന്പുകളുടെ മേൽ മണ്ണെണ്ണയും മറ്റും ഒഴിക്കരുത്.
കടിയേറ്റാൽ ഉടൻ ചെയ്യേണ്ടത്
*പാമ്പുകടിയേറ്റ ഭാഗം കീറി മുറിക്കാനോ കൂടുതൽ അനക്കുവാനോ പാടില്ല.
*കയർ, ചൂടി ഉപയോഗിച്ച് മുറിവുള്ള സ്ഥാനത്ത് കെട്ടരുത്.
*കടിയേറ്റ ഭാഗത്ത് തുണി ഉപയോഗിച്ച് ചെറുവിരൽ കടത്തിവിടാൻ പാകത്തിൽ അയച്ചുകെട്ടുക.
*പാമ്പുകടിയേറ്റവർക്ക് ചികിത്സ ലഭിക്കുന്ന ആശുപത്രികളെ കുറിച്ച് പൊതുജനങ്ങൽക്ക് അപബോധം ഉണ്ടാകണം.
കണ്ണൂരിലെ എകെജി ആശുപത്രി, ചാല ആസ്റ്റർ മിംസ്, പാപ്പിനിശേരി വിഷ ചികിത്സാ കേന്ദ്രം, കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് പരിയാരം, അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ്, തലശേരി സഹകരണ ആശുപത്രി, പയ്യന്നൂർ സഹകരണ ആശുപത്രി എന്നിവിടങ്ങളാണ് പാന്പുകടിയേറ്റവർക്കുള്ള ചികിത്സ ലഭ്യമാകുന്ന ആശുപത്രികൾ.
ഇക്കാര്യങ്ങൾ മനസിലാക്കുന്നതോടൊപ്പം പരമാവധി വേഗത്തിൽ ആശുപത്രിയിൽ എത്തിക്കാനുള്ള സൗകര്യമാണ് ഒരുക്കേണ്ടത്.