മൂന്ന് വയസ്കാരന്റെ തലയിണയുടെ അടിയിൽ നിന്നും അമ്മ മൂർഖൻ പാമ്പിനെ കണ്ടെത്തി. ഹരിയാനയിലെ സുൽത്താൻപൂരിലാണ് സംഭവം. രാത്രിയിൽ ഉറക്കത്തിൽ നിന്നും എഴുന്നേറ്റ അമ്മ അസാധാരണമായ തണുപ്പ് അനുഭവപ്പെട്ടതിനെ തുടർന്ന് കട്ടിൽ പരിശോധിച്ചപ്പോഴാണ് പാമ്പിനെ കണ്ടത്.
പാമ്പിനെ കണ്ട് ഭയന്നെങ്കിലും സമനില വീണ്ടെടുത്ത ഇവർ ടാക്സി ഡ്രൈവറായ ഭർത്താവിനെ വിളിച്ച് കാര്യം പറഞ്ഞു. മാത്രമല്ല ശബ്ദമുണ്ടാക്കാതെ കുട്ടിയെ എടുത്തതിന് ശേഷം മുറിയിൽ തന്നെ നിന്നു.
സ്ഥലത്തെത്തിയ ഭർത്താവും അയൽക്കാരും കിടക്കവിരി ഉൾപ്പടെ എടുത്ത് വീടിന് പുറത്തിടുകയും വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് പാമ്പിനെ നൽകുകയുമായിരുന്നു. ഏകദേശം ആറ് അടി നീളമുണ്ടായിരുന്ന പാമ്പിന് മൂന്ന് കിലോ ഭാരമുണ്ടായിരുന്നു.