കുട്ടികളുടെ കളിപ്പാട്ടങ്ങൾ എന്തൊക്കയായിരിക്കുമെന്ന് എല്ലാവർക്കും സങ്കൽപ്പിച്ചു കണ്ടെത്താവുന്നതേയുള്ളു. എന്നാൽ മധ്യപ്രദേശിലെ ഒരു കുഗ്രാമത്തിലുള്ള ഏഴു വയസുകാരനായ ദേവേഷ് കളിപ്പാട്ടങ്ങൾക്കു പകരം തന്റെ സുഹൃത്തുക്കളായി തെരഞ്ഞെടുത്തിരിക്കുന്നത് അതീവ വിഷകാരികളായ കുറച്ചു പാമ്പുകളെയാണ്.
കഴിഞ്ഞ നാലു വർഷങ്ങളായി ദേവേഷിന്റെ ചുറ്റും ഈ പാമ്പുകളുണ്ട്. ദേവേഷിന്റെ വീട് കാടിനു സമീപത്താണ്. വെറുതെയിരിക്കുന്ന സമയങ്ങളിൽ കാട്ടിലേക്കു പോകുന്ന ദേവേഷ് തിരികയെത്തുന്നത് കൈ നിറയെ പാമ്പുകളുമായാണ്.
ദേവേഷ് ഭക്ഷണം കഴിക്കുന്നതും കുളിക്കുന്നതും ഉറങ്ങുന്നതുമെല്ലാം ഈ പാമ്പുകൾക്കൊപ്പമാണ്. എന്നാൽ ഒരു പ്രാവശ്യം പോലും ദേവേഷിന് പാമ്പിന്റെ കടിയേറ്റിട്ടില്ലെന്നുള്ളതാണ് ഏറെ അത്ഭുതം.
മൂന്ന് വയസുള്ളപ്പോൾ മുതലാണ് പാമ്പുകളോടുള്ള സൗഹൃദം ദേവേഷിന് ആരംഭിച്ചതെന്ന് കുട്ടിയുടെ മാതാപിതാക്കൾ പറയുന്നു. പെട്ടന്നൊരു ദിവസം കാട്ടിലേക്കു പോയ ദേവേഷ് കയ്യിൽ രണ്ട് പാമ്പുകളുമായാണ് തിരികെയെത്തിയത്. ഈ പാമ്പുകൾ ദേവേഷിന്റെ ശരീരത്തിൽ ഇഴഞ്ഞു നടക്കുകയായിരുന്നു.
അന്നു മുതൽ എല്ലാ ദിവസവും കാട്ടിൽ പോകുന്ന ദേവേഷ് തിരികെയെത്തുന്നത് കൈ നിറയെ പാമ്പുകളുമായാണ്. പാമ്പുകൾക്കൊപ്പം കുളിക്കുകയും ഭക്ഷണം കഴിക്കുകയും ഉറങ്ങുകയും ചെയ്യുന്ന ദേവേഷ് പാന്പുകളുടെ അവയുടെ ശരീരത്തിൽ എണ്ണ തേച്ച് മസാജ് ചെയ്തതിനു ശേഷം കാട്ടിലേക്കു തന്നെ മടക്കി അയക്കുകയാണ് പതിവ്.
പാമ്പുകൾ അപകടകാരികളാണെന്നും അവയ്ക്കൊപ്പമുള്ള സൗഹൃദം വേണ്ടെന്നും തങ്ങൾ പറഞ്ഞിട്ടും അത് അനുസരിക്കുവാൻ അവൻ കൂട്ടാക്കുന്നില്ലെന്നും ദേവേഷിന്റെ പിതാവ് പറയുന്നു. ദേവേഷിന്റെ പാമ്പുകളുമായുള്ള കൂട്ട് ഗ്രാമത്തിൽ എല്ലാവർക്കും അറിയാവുന്നതിനാൽ തങ്ങളുടെ കുട്ടികളെ ദേവേഷിനൊപ്പം ആരും വിടാൻ തയാറാകുന്നില്ല.
ദേവേഷിന്റെ ഈ സ്വഭാവം കുട്ടിക്ക് ശാരീരികമായും മാനസികമായുമുള്ള അപകടങ്ങൾക്ക് വഴിവെയ്ക്കാമെന്ന് ഡോക്ടർമാർ വ്യക്തമാക്കുന്നു. വിഷമുള്ളതാണെങ്കിലും അല്ലെങ്കിലും പാമ്പുകളെ ഒരിക്കലും മനുഷ്യന്റെ വളർത്തു മൃഗമോ സന്തത സഹചാരിയോ ആയി ഒരിക്കലും പരിഗണിക്കുവാൻ സാധിക്കില്ലെന്നും ഡോക്ടർമാർ പറഞ്ഞു.