കാറിന്റെ ബോണറ്റിലും മറ്റും പാന്പ് കയറിയ സംഭവം നേരത്തെയും വാർത്തയായിട്ടുണ്ട്. ഈ ഗണത്തിലേക്കിതാ പുതിയൊരു സംഭവം കൂടി. കാറിന്റെ പിൻസീറ്റിൽ സുഖമായിരിക്കുന്ന പെരുമ്പാമ്പാണ് കഥയിലെ നായകൻ. തായ്ലൻഡിലെ ഉതായിലാണ് സംഭവം.
രാവിലെ കടയിൽ സാധനങ്ങൾ വാങ്ങാൻ പുറപ്പെട്ട 36 കാരിയായ നൻഫാത് ബൂൺബാദൻ എന്ന യുവതിക്കാണ് നടുക്കുന്ന സംഭവങ്ങൾ കാണേണ്ടി വന്നത്.
തലേദിവസം കൂട്ടുകാർക്കൊപ്പം യാത്രയിലായിരുന്നു യുവതി. നീണ്ട യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ യുവതി പിറ്റേ ദിവസം കടയിൽ നിന്ന് പഴങ്ങൾ വാങ്ങാൻ പോകാനുള്ള തയാറെടുപ്പിലായിരുന്നു. പോകാൻ കാറിൽ കയറാൻ തുടങ്ങിയപ്പോഴാണ് തലേദിവസം പുറകിലത്തെ സീറ്റിൽ വച്ച സ്നാക്സിന്റെ കാര്യം ഒാർമവന്നത്.
പിന്നിൽ നിന്ന് സാധനങ്ങളെടുക്കാനായി കാറിന്റെ ഡോർ തുറന്നപ്പോഴാണ് സീറ്റിൽ ചുരുണ്ടു കിടക്കുന്ന പെരുമ്പാമ്പിനെ കണ്ടത്. പെട്ടെന്ന് യുവതി കാറിന്റെ ഡോർ അടച്ചു.
ഉടൻ തന്നെ യുവതി പാമ്പ്പിടിത്തക്കാരെ വിവരമറിയിച്ചു. അവരെത്തിയാണ് പാമ്പിനെ കാറിനുള്ളിൽ നിന്നും നീക്കം ചെയ്തത്. 5 അടിയോളം നീളമുള്ള പെരുമ്പാമ്പാണ് കാറിനുള്ളിൽ പതുങ്ങിയിരുന്നത്. പാമ്പിനെ പിന്നീട് വനത്തിനുള്ളിൽ കൊണ്ടുപോയി തുറന്നുവിട്ടു.
എങ്ങനെയാണ് കാറിനുള്ളിൽ പാന്പ് എത്തിയതെന്ന അന്വേഷണത്തിൽ വഴിയും കണ്ടെത്തി. തലേദിവസമായിരിക്കാം പാന്പ് കാറിൽ കയറിയതെന്നായിരുന്നു ആദ്യം ഇവർകരുതിയിരുന്നത്. എന്നാൽ കാർ വിശദമായി പരിശോധിച്ചപ്പോഴാണ് യഥാർഥ കാരണം കണ്ടെത്തിയത്.
കാറിൽ നേരത്തെ ഇന്ധനമായി ഗ്യാസ് കിറ്റാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ ഇത് പിന്നീട് മാറ്റി. പക്ഷെ സ്റ്റെപ്പിനി ടയറിനു സമീപത്തുണ്ടായിരുന്ന ഗ്യാസിന്റെ ട്യൂബ് മാറ്റിയ ശേഷം ഈ ഭാഗം മെക്കാനിക്ക് അടച്ചിരുന്നില്ല. ഇതിലൂടെയാണ് പെരുന്പാന്പ് ഉള്ളിൽ കയറിയത്.