തിരുവനന്തപുരം: വനംവകുപ്പു നൽകുന്ന സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മാത്രമേ ഇനി സംസ്ഥാനത്ത് പാന്പുകളെ പിടിക്കുന്നതിന് അനുവാദമുള്ളൂ. ജീവനു ഭീഷണിയാവുന്ന സാഹചര്യത്തിൽ മാത്രമേ പാന്പുകളെ പിടികൂടാൻ പാടുള്ളൂ.
വിഷരഹിതരായ പാന്പുകളെ പിടികൂടുന്നത് കഴിവതും ഒഴിവാക്കുകയും വേണം. വനംവകുപ്പ് പുറത്തിറക്കിയ മാർഗനിർദേശങ്ങളിലാണ് ഈ നിർദേശങ്ങളുള്ളത്.
രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനത്ത് പാന്പു പിടിത്തത്തിന് മാർഗനിർദേശങ്ങൾ തയാറാക്കി പരിശീലനം നൽകുന്നത്. പാന്പുകളെ ശാസ്ത്രീയമായി പിടികൂടി അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ സുരക്ഷിതമായി വിട്ടയ്ക്കുകയാണ് മാർഗനിർദേശങ്ങളുടെ ലക്ഷ്യം.
പാന്പുകളുടെ സംരക്ഷണവും ജനങ്ങളുടെ സുരക്ഷിതത്വവും ഉറപ്പാക്കുന്നതിന് സർപ്പ എന്ന മൊബൈൽ ആപ്ലിക്കേഷനും പുറത്തിറിക്കി. പാന്പുപിടിത്തക്കാർക്ക് വനംവകുപ്പ് പരിശീലനം നൽകും.
സുരക്ഷാ മുന്നൊരുക്കങ്ങളില്ലാതെ പാന്പുപിടിത്തത്തിലേർപ്പെടുകയും ജീവൻ അപകടത്തിലാക്കുന്ന തരത്തിൽ അവയെ പ്രദർശിപ്പിക്കുകയും മറ്റു തരത്തിൽ ദുരുപയോഗിക്കുകയും ചെയ്യുന്നത് ശ്രദ്ധയിൽ പെട്ട സാഹചര്യത്തിലാണ് മാർഗരേഖ പുറത്തിറക്കിയതെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ സുരേന്ദ്രകുമാർ അറിയിച്ചു.
പരിശീലനം സിദ്ധിച്ച അംഗീകൃത പാന്പുപിടിത്തക്കാരുടെ ഒരു ശൃംഖല സൃഷ്ടിക്കുന്നതിനോടൊപ്പം അവരിൽ കൂടുതൽ നൈപുണ്യമികവും ഉത്തരവാദിത്തബോധവും കൃത്യതയും ഉറപ്പാക്കുകയുമാണ് പരിശീലനത്തിലൂടെയും സർട്ടിഫിക്കറ്റ് ഏർപ്പെടുത്തുന്നതിലൂടെയും വകുപ്പ് ലക്ഷ്യമിടുന്നത്.
മറ്റു മാർഗ നിർദേശങ്ങൾ:
• അംഗീകൃത പാന്പുപിടിത്തക്കാരന്റെ ശ്രമങ്ങളെ ആരെങ്കിലും തടസപ്പെടുത്തിയാൽ അവർക്കെതിരേ നിയമനടപടിയുണ്ടാകും.
• ജനങ്ങളെ പരിഭ്രാന്തിയിലാക്കുന്ന തരത്തിൽ പെരുമാറുക, പാന്പുകളെ പ്രദർശിപ്പിക്കുക, പ്രശസ്തിക്കായി ഉപയോഗിക്കുക എന്നിവയ്ക്കെതിരേയും നിയമനടപടിയുണ്ടാകും.
• പാന്പുപിടിത്തത്തിലേർപ്പെടാൻ താത്പര്യമുള്ള 21 നും 65 വയസിനും ഇടയിലുള്ളവർക്കാണ് പരിശീലനം നൽകുക. പ്രവൃത്തിയിലുള്ള വൈദഗ്ധ്യം, മുൻപരിചയം, പ്രായം, ആരോഗ്യസ്ഥിതി, സ്വഭാവം, ലഹരി ഉപയോഗമോ പരാതികളോ ആക്ഷേപങ്ങളോ ഉണ്ടോ എന്നതെല്ലാം പരിശോധിച്ചാണു തെരഞ്ഞെടുപ്പ്.
•സാമൂഹ്യവനവത്ക്കരണ വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കണ്സർവേറ്ററുടെ മേൽനോട്ടത്തിലുള്ള വിദഗ്ധ സമിതിയാണ് അപേക്ഷകരെ തെരഞ്ഞെടുക്കുക. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് രണ്ടുദിവസത്തെ പരിശീലനവും സർട്ടിഫിക്കറ്റും സുരക്ഷാ ഉപകരണങ്ങളടങ്ങിയ കിറ്റും നൽകും. അഞ്വുവർഷമാണ് സർട്ടിഫിക്കറ്റിന്റെ കാലാവധി.
• പാന്പു പിടിത്തത്തിലുള്ള അപകടസാധ്യത കണക്കിലെടുത്ത് അംഗീകൃത പാന്പ് പിടിത്തക്കാർക്ക് ഗ്രൂപ്പ് ഇൻഷ്വറൻസ് പരിരക്ഷ ലഭ്യമാക്കുന്നതിനുള്ള നടപടികളും പരിഗണിക്കും.