കാട്ടാക്കട: മകളെ ശല്യം ചെയ്തത് വിലക്കിയതിന്റെ പ്രതികാരമായി ജനലിലൂടെ മുറിയിലേക്ക് വിഷപ്പാമ്പിനെ എറിഞ്ഞ സംഭവത്തിൽ എറിഞ്ഞത് അണലിയെ എന്നു സൂചന.
അറസ്റ്റിലായ പ്രതി കിച്ചുവിനെ ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം വ്യക്തമായ ത്. പാമ്പിന്റെ ശരീരാവശിഷ്ടം പാലോട് വെറ്ററിനറി ലാബിലേക്ക് അയച്ചിട്ടുണ്ട്. അവിടെ നിന്നും കിട്ടുന്ന വിവരപ്രകാരമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂ.
അറസ്റ്റിലായ പ്രതിക്ക് പുറമേ സംഭവത്തിൽ ഒട്ടേറെ പേരുണ്ടെന്ന് പെൺകുട്ടിയുടെ പിതാവ് രാജേന്ദ്രൻ പറഞ്ഞു. ഒരാൾക്കു മാത്രം ചെയ്യാൻ കഴിയുന്ന കാര്യമല്ല. അതിനാൽ തന്നെ പരസഹായം ലഭിച്ചിട്ടുണ്ടെന്നും അത് പോലീസ് അന്വേഷിക്കണമെന്നും രാജേന്ദ്രൻ ആവശ്യപ്പെട്ടു.
അതേസമയം, അന്വേഷണം വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. പ്രതിക്ക് പുറമേനിന്ന് സഹായം ലഭിച്ചോ എന്നതിനെക്കു റിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.
റിമാൻഡിലായ കിച്ചുവിനെ പോലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടാൻ വീണ്ടും കോടതിയെ സമീപിക്കും. ഇയാളുടെ മൊഴി പ്രകാരം വീണ്ടും രണ്ടു പേരെ കൂടി കസ്റ്റഡിയിൽ എടുത്തേയ്ക്കും.
കാട്ടാക്കട അമ്പലത്തിൻകാലയിൽ ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം. അമ്പലത്തിൻകാല കുളവിയോട് എസ്.കെ. സദനത്തിൽ ഗുണ്ട് റാവു എന്നു വിളിക്കുന്ന കിച്ചു (30)വിനെയാണ് കാട്ടാക്കട പോലീസ് പിടികൂടിയത്.
അമ്പലത്തിൻകാല സ്വദേശി രാജേന്ദ്രന്റെ വീട്ടിനുള്ളിലേക്കാണ് പാമ്പിനെ ഇട്ട് കൊലപ്പെടുത്താൻ ശ്രമം നടത്തിയത്. മകളെ നിരന്തരമായി ശല്യം ചെയ്തത് ചോദ്യംചെയ്തതും വിലക്കിയതിന്റെയും പ്രതികാരമാണ് പാന്പിനെ ഇട്ടതെന്ന് ഇയാൾ പോലീസിനോടു സമ്മതിച്ചിട്ടുണ്ട്.
വീടിനുള്ളിൽ പുലർച്ചെ എല്ലാവരും ഉറങ്ങുന്ന നേരത്ത് പാമ്പിനെ ഇട്ട് ഗൃഹനാഥനെ കൊലപ്പെടുത്താൻ നടത്തിയ ശ്രമത്തിന്റെ നടുക്കത്തിലാണ് പ്രദേശവാസികൾ.
അറസ്റ്റിലായ കിച്ചുവിന്റെ സാമൂഹ്യവിരുദ്ധ ബന്ധങ്ങൾ തിരക്കുന്ന ശ്രമത്തിലാണ് പോലീസ്. ഇയാൾ പലതവണ ഈ പെൺകുട്ടിയെ ശല്യപ്പെടുത്തിയിട്ടുണ്ട്. അത് പിതാവ് ചോദ്യം ചെയ്തിട്ടുമുണ്ട്.
അത് പോലീസിൽ പരാതിയാകുകയും പോലീസ് തന്നെ വിലക്കുകയും ചെയ്തിരുന്നു. ആ വൈരാഗ്യത്തിലാണ് പാമ്പിനെക്കൊണ്ടു കൊല്ലാൻ ശ്രമിച്ചതെന്നാണു സൂചന.
അടുത്തിടെ കൊല്ലത്ത് പാമ്പിനെക്കൊണ്ട് യുവതിയെ കൊന്ന സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഇങ്ങിനെ ഒരു ആശയം ലഭിച്ചതെന്ന് പോലീസിനോട് ഇയാൾ സമ്മതിച്ചതായി സൂചനയുണ്ട്.
പിതാവിനെ കൊന്ന് തന്ത്രത്തിൽ ആ വീട്ടിൽ കയറിപ്പറ്റി വിവാഹം കഴിക്കുക എന്നതാണ് ലക്ഷ്യം. അതാണ് പാളിപ്പോയത്. കിച്ചുവിനെതിരേ അടിപിടിക്കേസുകൾ അടക്കം നിരവധി കേസുകളുണ്ട്. ലഹരിമരുന്ന് കച്ചവടത്തിലും ഇയാൾ പ്രതിയാണ്.
പാമ്പിനെ എവിടെനിന്നു ലഭിച്ചു എന്നത് പോലീസ് തിരക്കുന്നുണ്ട്. വെറുതേ പേടിപ്പിക്കാനാണ് പാമ്പിനെ ഇട്ടതെന്ന വാദം പോലീസ് തുടക്കത്തിലേ പൊളിച്ചിരുന്നു.
ഒടുവിൽ കൊല്ലാൻ തന്നെയാണ് പാമ്പിനെ ഇട്ടതെന്ന് പ്രതി സമ്മതിക്കുകയും ചെയ്തു. അതിനിടെ കിച്ചുവിനെ കാപ്പ ചുമത്താനും പോലീസ് നീക്കം നടത്തുന്നുണ്ട്.