പാമ്പുകള്‍ പ്രശസ്തനാക്കി! പാമ്പുകള്‍ തന്നെ ജീവനുമെടുത്തു; പെരുമ്പാമ്പുകളെ കൂടെവളര്‍ത്തി പ്രശസ്തനായ ഡാന്‍ ബ്രണ്ടന്റെ മരണത്തില്‍ പകച്ച് ആരാധകര്‍

പാമ്പുകളുടെ കടിയേറ്റ് മരിക്കുന്നതും പെരുമ്പാമ്പ് പോലുള്ളവയുടെ ആക്രമണത്തില്‍ മരിക്കുകയും ചെയ്യുന്നത് സ്വാഭാവികമാണ്. എന്നാല്‍ വര്‍ഷങ്ങളോളം കൂറ്റന്‍ പെരുമ്പാമ്പുകളെ വളര്‍ത്തി പിന്നീട് അപ്രതീക്ഷിതമായി അവയുടെ ആക്രമണത്തില്‍ മരിക്കുന്നത് തികച്ചും അപലപനീയമാണ്. അത്തരത്തിലൊന്നാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. കൂറ്റന്‍ പെരുമ്പാമ്പുകളെ വളര്‍ത്തുകയും അവയ്ക്കൊപ്പം ജീവിക്കുകയും ചെയ്ത 31-കാരനെ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പാമ്പുകളുമൊത്തുള്ള സഹവാസത്തിലൂടെ പ്രശസ്തനായ ചര്‍ച്ച് ക്രൂക്കാമിലെ ഡാന്‍ ബ്രണ്ടന്റെ മൃതദേഹമാണ് അദ്ദേഹത്തിന്റെ കിടപ്പുമുറിയില്‍ ഓഗസ്റ്റ് 25-ന് കാണപ്പെട്ടത്. സമീപത്തുതന്നെ ഒരു പെരുമ്പാമ്പുമുണ്ടായിരുന്നു. പെരുമ്പാമ്പ് ശ്വാസംമുട്ടിച്ച് കൊന്നതാവാമെന്നാണ് പോലീസ് കരുതുന്നത്. വ്യത്യസ്ത വിഭാഗത്തില്‍പ്പെട്ട പെരുമ്പാമ്പുകളെ ഡാന്‍ വളര്‍ത്തിയിരുന്നു. ഇവയ്ക്കൊപ്പം നിന്നുള്ള ചിത്രങ്ങളാണ് അദ്ദേഹത്തെ പ്രശസ്തനാക്കിയത്. മാതാപിതാക്കള്‍ക്കൊപ്പമാണ് ഡാന്‍ താമസിച്ചിരുന്നത്. അവര്‍ വിവരമറിയിച്ചതനുസരിച്ചാണ് പോലീസെത്തിയത്.

പോലീസെത്തുമ്പോള്‍ പെരുമ്പാമ്പുകളിലൊന്ന് കൂട്ടില്‍നിന്നിറങ്ങി ഡാനിന്റെ സമീപത്തുണ്ടായിരുന്നു. ഈ പാമ്പുതന്നെയാകാം ഡാനിനെ കൊലപ്പെടുത്തിയതെന്നും പോലീസ് കരുതുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും ആന്തരികാവയവങ്ങളുടെ പരിശോധനാഫലവും കിട്ടിയാല്‍ മാത്രമേ യഥാര്‍ഥ മരണകാരണം കണ്ടെത്താനാവൂ. ഡാനിന്റെ ശരീരത്തില്‍ മുറിവുകളുണ്ടായിരുന്നതായും റിപ്പോര്‍ട്ടുണ്ട്. പെരുമ്പാമ്പ് ചുറ്റിവരിഞ്ഞതാണ് മരണകാരണമെങ്കില്‍, ബ്രിട്ടനില്‍ അത്തരത്തിലുള്ള ആദ്യമരണമാകും ഇത്. എന്നാല്‍, ഡാനിന്റെ സുഹൃത്തുക്കള്‍ അത് വിശ്വസിക്കുന്നില്ല. ഡാനുമായി വളരെയേറെ ഇണക്കത്തിലായിരുന്നു പാമ്പുകളെന്ന് അവര്‍ പറയുന്നു. പെരുമ്പാമ്പുകള്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുന്നത് ഇരയെമാത്രമാണ്. ഇവിടെ അങ്ങനെ സംഭവിച്ചിട്ടില്ലാത്തതാണ് സംശയം കൂട്ടുന്നത്.

 

 

Related posts