മൂർഖൻ പാന്പിന്റെ വായ തുന്നിക്കെട്ടാൻ ശ്രമിക്കുന്നതിനിടയിൽ കടിയേറ്റയാൾക്ക് ദാരുണാന്ത്യം. ബിഹാർ സ്വദേശിയായ ബോലാനാഥ് എന്ന ഓട്ടോറിക്ഷാ ഡ്രൈവറിനാണ് സാഹസികത കാണിക്കുന്നതിനിടയിൽ അപമൃത്യു സംഭവിച്ചത്. പാന്പിനെ പിടിക്കുന്നതിൽ വിദഗ്ദധനായിരുന്ന ബോലാനാഥ് വീടിനു സമീപമുള്ള ഒരു സ്ഥലത്ത് പാന്പിനെ കണ്ടെന്ന് അറിഞ്ഞാണ് അവിടേക്കു തിരിച്ചത്.
പാന്പിനെ അനായാസം പിടികൂടിയ ബോലാനാഥ് അതുകൊണ്ടൊന്നും തന്റെ സാഹസികത നിർത്താൻ തീരുമാനിച്ചില്ല. അദ്ദേഹം പാമ്പിന്റെ വായ തുന്നിക്കെട്ടാൻ ഒരുങ്ങി. ഇതിനായി സൂചിയിൽ നൂൽ കോർത്ത് പാന്പിന്റെ വായയിലേക്ക് കുത്തിയിറക്കി. വേദനകൊണ്ട് പുളഞ്ഞ പാന്പ് ബോലാനാഥിന്റെ പിടിയിൽ നിന്നും വഴുതി അദ്ദേഹത്തിന്റെ കൈയിൽ കടിച്ചു. പാന്പിനെ വീണ്ടും കൈപ്പിടിയിൽ ഒതുക്കിയ അദ്ദേഹം തുന്നൽ പൂർത്തിയാക്കി. സമീപമുണ്ടായിരുന്നവർ ആശുപത്രിയിൽ പോകുവാൻ പറഞ്ഞുവെങ്കിലും ബോലാനാഥ് ഇത് കാര്യമാക്കിയില്ല. തനിക്ക് വിഷം ഏൽക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
കുറച്ചു സമയത്തിനകം ശരീരത്തിന് തളർച്ച അനുഭവപ്പെട്ട ബോലാനാഥിനെ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനു മുമ്പ് മരണം സംഭവിച്ചു. അതോടെ പാന്പിനെയും നാട്ടുകാർ തല്ലിക്കൊന്നു. ബോലാനാഥിന്റെ ചിതയ്ക്ക് സമീപത്ത് വച്ച് പാന്പിനെയും ഇവർ കത്തിച്ചു.