പേരാവൂർ: വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ പാമ്പ്കടിയേറ്റ് അവശനിലയിലെത്തിച്ച വിദ്യാർഥിനി യഥാസമയം ചികിത്സ ലഭിക്കാതെ മരിക്കാനിടയായതിൽ ഡോക്ടർമാർക്കെതിരെ പ്രതിഷേധാഗ്നി കത്തുമ്പോൾ സമാന സംഭവത്തിൽ അവസരോചിതമായി പ്രവർത്തിച്ച പേരാവൂർ താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരുടെ സേവനം മാതൃകയായി.
പാമ്പ് കടിയേറ്റ് അബോധാവസ്ഥയിൽ രക്ഷിതാക്കൾക്കൊപ്പം ആശുപത്രിയിലെത്തിയ മണത്തണയിലെ ആദർശിനെ രണ്ടാം ജന്മത്തിലേക്ക് വഴി തുറന്ന്പേരാവൂർ താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരുടെ അവസരോചിതമായ ചികിത്സയാണ് ഫലം കണ്ടത്. കഴിഞ്ഞ തിങ്കളാഴ്ച്ച വൈകുന്നേരം ഏഴിനാണ് പാമ്പ് കടിയേറ്റ് അവശനിലയിൽ അബോധാവസ്ഥയിലായിരുന്ന ആദർശിനെ (10) ആശുപത്രിയിലെത്തിച്ചത്.
പേരാവൂർ താലൂക്ക് ആശുപത്രിയിലെത്തിക്കുമ്പോൾ ഹൃദയമിടിപ്പും, രക്ത സമ്മർദ്ദവും താഴ്ന്ന നിലയിൽ അതീവ ഗുരുതരമായിരുന്നു അവസ്ഥ. നിരന്തരം ഛർദ്ദിച്ച് അബോധാവസ്ഥയിലായ കുട്ടിയെ ഉടൻ തന്നെ ഡ്യൂട്ടി ഡോക്ടർ ആശുപത്രി സൂപ്രണ്ട് ,ശിശുരോഗ വിദ്ഗ്ദൻ എന്നിവരെ അറിയിച്ചു.
തുടർന്ന് ആശുപത്രിയിലെ ശിശുരോഗ വിദഗ്ദൻ കുട്ടിയെ വിശദമായി പരിശോധിച്ച് ഡ്രിപ്പ് , മറ്റ് മരുന്നും നൽകി ബ്ലഡ് പ്രഷർ നോർമലായ ശേഷം പാമ്പ് വിഷത്തിനുള്ള പ്രതിരോധ മരുന്നായ ആൻറി സ്നേക്ക് വെനം കുത്തിവെച്ച് അപകട നില തരണം ചെയ്ത ശേഷമാണ് 108 ആംബുലൻസ് എത്തിച്ച് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിക്കുകയും ആയിരുന്നു.