കുമരകം: ജില്ലയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ വെള്ളമിറങ്ങി തുടങ്ങിയതോടെ വിഷപ്പാന്പുകളുടെ ശല്യം രൂക്ഷമായി. കനത്ത മഴയെത്തുടർന്ന് കുമരകം, തിരുവാർപ്പ്, അയ്മനം ഉൾപ്പടെയുള്ള പ്രദേശങ്ങളിലെ മിക്ക പ്രദേശങ്ങളും വെള്ളത്തിലായതോടെ വിഷപ്പാന്പുകൾ സുരക്ഷിത സ്ഥാനങ്ങൾ തേടി വീടുകൾക്കുള്ളിലേക്കു വാസം മാറ്റിയിരുന്നു. വെള്ളം കുറഞ്ഞതോടെ ഇര തേടി വീണ്ടും ഇറങ്ങിയതോടെയാണ് വിഷപ്പാന്പുകളുടെ ശല്യം രൂക്ഷമായത്.
കുമരകത്ത് മൂലേപ്പാടം തെക്കേ ബ്ലോക്ക് പാടശേഖരത്താണ് വീടുകളിൽ മൂർഖൻ ഉൾപ്പടെയുള്ള പാന്പുകളുടെ ശല്യം രൂക്ഷമായത്. പ്രദേശവാസികൾ ഇതു മൂലം ഭീതിയോടെയാണ് കഴിയുന്നത്. കഴിഞ്ഞദിവസം മൂന്ന് വീടുകളിൽനിന്ന് വിഷപ്പാന്പുകളെ പിടികൂടിയിരുന്നു.
ഇന്നലെ പകൽ മൂലേപ്പാടം പാലത്തിനു സമീപത്തെ വീട്ടിൽനിന്നും മൂർഖൻ പാന്പിനെ നാട്ടുകാർ പിടികൂടി. പാടശേഖരങ്ങളിലെ വെള്ളം വറ്റിക്കുന്നതോടെ പ്രദേശത്ത് വിഷപ്പാന്പുകളുടെ ശല്യം കൂടുമെന്ന ഭീതിയിലാണ് പടിഞ്ഞാറൻ മേഖലയിലെ നാട്ടുകാർ.