കോട്ടയം: വെള്ളം കയറിയ വീടുകളിൽ മലവെള്ളത്തിൽ ഒഴുകി വന്ന വിഷപ്പാന്പുകളെ പിടികൂടുന്നതിനായി സഹായവുമായി വനം വകുപ്പ്. പെരുന്പാന്പിനെയും മറ്റു വിഷപ്പാന്പുകളെയും കണ്ടെത്തിയാൽ വനം വകുപ്പ് അധികൃതരെ വിവരമറിയിക്കാനാണ് നിർദേശം. പാന്പുപിടിത്തക്കാരായ ആളുകളുമായി സംഘം എത്തി പാന്പുകളെ പിടിക്കും.
ഇതിനായി പൊതുജനങ്ങൾക്ക് വനം വകുപ്പ് ഫോണ് നന്പർ നൽകിയിരിക്കുകയാണ്. 847021726 എന്ന നന്പരിൽ ബന്ധപ്പെട്ടു സഹായം തേടാവുന്നതാണ്.വെള്ളം കയറിയ വീടുകളിൽ പാന്പുകളുൾപ്പെടെയുള്ള ഇഴജന്തുക്കളുടെ വർധിച്ച തോതിലുള്ള ശല്യം ഉണ്ടാകാനിടയുള്ളതിനാൽ വീടുകൾ വൃത്തിയാക്കുന്പോൾ അതീവജാഗ്രത പുലർത്തണമെന്നും വനം വകുപ്പ് അധികൃതർ പറയുന്നു.
ദുരിതാശ്വാസ ക്യാന്പുകളിൽ കഴിഞ്ഞവരുടെ വീടുകൾ അടച്ചിട്ടനിലയിലായിരുന്നെങ്കിലും ആളനക്കമില്ലാത്ത സാഹചര്യത്തിൽ വീടിനകത്തും പരിസരങ്ങളിലും പാന്പുകളും പഴുതാരയും തേളുകളും ഒക്കെ ഉണ്ടാകാൻ സാധ്യതയുണ്ട്. ക്യാന്പുകളിലെ താമസം അവസാനിപ്പിച്ച് വീടുകളിലെത്തുന്നവർ ഇഴജന്തുക്കളുടെ സാന്നിധ്യം മുൻകൂട്ടി കണ്ട് ആവശ്യമായ സുരക്ഷാ മുന്നൊരുക്കങ്ങൾ എടുക്കണം.
വീടിന്റെ പരിസരത്തും മുറിക്കുള്ളിലും മണ്ണെണ്ണ, ടർപ്പെന്റയിൻ, വെളുത്തുള്ളി ചതച്ചിട്ട വെള്ളം തുടങ്ങിയവ തളിക്കുകയാണെങ്കിൽ ഇഴജന്തുക്കൾ തനിയെ ഇറങ്ങിപ്പോകാൻ സാധ്യതയുണ്ട്. തുണികൾ, പുസ്തകങ്ങൾ, വീട്ടുസാധനങ്ങൾ എന്നിവ എടുത്തുമാറ്റുന്നത് ശ്രദ്ധയോടെ ചെയ്യണം.
അലമാരകളിലും മേശ വലിപ്പുകളിലും ടർപ്പെന്റയിൻ അല്ലെങ്കിൽ രൂക്ഷ ഗന്ധമുള്ള മറ്റെന്തെങ്കിലും ലോഷൻ തളിക്കണം. വിഷപ്പാന്പുകൾ പൊതുവെ അധികനാൾ ഒരുസ്ഥലത്ത് ഒളിച്ചിരിക്കുന്നവയല്ല. ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽ അധികമായി കണ്ടുവരുന്നത് വിഷമില്ലാത്ത പാന്പുകളാണ്. മലവെള്ളം ഒഴുകിവന്നിട്ടുള്ളതിനാൽ പെരുന്പാന്പുകളുണ്ടാകാൻ ഏറെ സാധ്യതയുണ്ട്. ഇവയുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടാൽ വനം വകുപ്പിനെ അറിയിക്കണമെന്നും വനം വകുപ്പ് അധികൃതർ പറഞ്ഞു.