തൊടുപുഴ: സ്കൂൾ പരിസരത്ത് കളിക്കുന്നതിനിടെ പാന്പു കടിയേറ്റതായ സംശയത്തെത്തുടർന്ന് നാലാം ക്ലാസ് വിദ്യാർഥിയെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. തൊടുപുഴ ശാസ്താംപാറയിൽ പ്രവർത്തിക്കുന്ന ഇടവെട്ടി ഗവ. എൽപി സ്കൂളിലെ നാലാംക്ലാസ് വിദ്യാർഥി പ്രണവിനെയാണ് കാലിൽ മുറിവേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഐസിയുവിൽ പ്രവേശിപ്പിച്ച കുട്ടിക്കു പാന്പു കടിയേറ്റിട്ടില്ലെന്നു പ്രാഥമിക പരിശോധനയിൽ വ്യക്തമായതിനെത്തുടർന്നു വാർഡിലേക്ക് മാറ്റിയെങ്കിലും ഡോക്ടർമാരുടെ നിരീക്ഷണത്തിൽ തന്നെയാണ്.
ഇന്നലെ രാവിലെ 11.30നു സ്കൂൾ ഇടവേളയിൽ ശൗചാലയത്തിൽ പോയതിനുശേഷം കളിക്കാനായി സ്കൂൾ വളപ്പിലുള്ള ആൽത്തറയിലേക്ക് ഓടിക്കയറവെയാണ് പ്രണവിന്റെ കാലിൽ എന്തോ കൊണ്ടത്. കാലിൽ ചെറിയ രണ്ടു പാടുകളും കണ്ടെത്തി. കുട്ടി ഭയപ്പാടോടെ പാന്പാണ് കടിച്ചതെന്നു സംശയം പറഞ്ഞതോടെ സ്കൂൾ അധ്യാപകരും അങ്കലാപ്പിലായി.
ഉടൻതന്നെ അധ്യാപകന്റെ വാഹനത്തിൽ കുട്ടിയെ കയറ്റി സമീപത്തുള്ള ഇടവെട്ടി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. ഇതിനിടെ വിവരം അറിയിച്ചതിനെത്തുടർന്നു കുട്ടിയുടെ രക്ഷിതാക്കളും ഇവിടെയെത്തി. തുടർന്നു തൊടുപുഴ ജില്ലാ ആശുപത്രിയിലെത്തിച്ച് കുട്ടിക്ക് പ്രഥമ ശുശ്രൂഷ നൽകി. എന്നാൽ പരിശോധനയിൽ പാന്പ് കടിച്ചതിന്റെ ലക്ഷണങ്ങൾ കണ്ടെത്താനായില്ല.
ആശുപത്രിയിൽ പാന്പിൻവിഷത്തിനു നൽകുന്ന ആന്റിവെനം ഉണ്ടായിരുന്നെങ്കിലും നൽകേണ്ടിവന്നാൽ ഇതിന് ആവശ്യമായ പീഡിയാട്രിക് ഐസിയു സംവിധാനമില്ലാത്തതിനാൽ ഡോക്ടർമാരുടെ നിർദേശാനുസരണം കുട്ടിയെ കോട്ടയം മെഡിക്കൽ കോളജിലെ കുട്ടികളുടെ ആശുപത്രിയിലേക്കു കൊണ്ടുപോകുകയായിരുന്നു. സുൽത്താൻ ബത്തേരി സർവജന ഗവ. ഹയർസെക്കൻഡറി സ്കൂളിൽ അഞ്ചാംക്ലാസ് വിദ്യാർഥിനി പാന്പുകടിയേറ്റ് മരിച്ചതിന്റെ പശ്ചാത്തലത്തിൽ സ്കൂൾ അധികൃതരും ജില്ലാ ഭരണകൂടവും ജില്ലാ ആരോഗ്യവിഭാഗവും തികഞ്ഞ ജാഗ്രതയോടെയാണ് പ്രവർത്തിച്ചത്.