സ്വന്തം ലേഖകൻ
കണ്ണൂർ: മഴക്കാലത്ത് കൂടുതൽ പേർക്ക് പാന്പുകടിയേൽക്കുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്.
കോവിഡ് കാലത്ത് കണ്ണൂർ ജില്ലയിൽ 19 പേർ പാന്പുകടിയേറ്റ് മരിച്ചതായാണ് വനംവകുപ്പിന്റെ ഔദ്യോഗിക കണക്ക്. നഗര-ഗ്രാമ പ്രദേശങ്ങൾ വ്യത്യാസമില്ലാതെയാണ് മരണം.
2020-21 ജൂൺ വരെ 317 പേർക്ക് പാന്പു കടിയേറ്റിട്ടുണ്ട്. അണലിയുടെ കടിയേറ്റാണ് ഭൂരിപക്ഷം പേരും മരിച്ചത്.
കോവിഡ് കാലമായതിനാൽ പാന്പുകടിയേറ്റവരെ യഥാസമയം ആശുപത്രിയിൽ എത്തിക്കാൻ പ്രയാസം അനുഭവിക്കുന്നതായി പറയുന്നു.
വീടിനു പുറത്തിറങ്ങുന്പോഴും ജനലുകളും വാതിലുകളും തുറക്കുന്പോഴും കൃഷിയിടങ്ങളിലേക്ക് ഇറങ്ങുന്പോഴും അല്പം ജാഗ്രതകൂടി പുലർത്തിയാൽ വലിയൊരു വിപത്ത് ഒഴിവാക്കാനാകും.
മാത്രമല്ല, ജനാലയോട് തൊട്ടുരുമ്മി വിറക്, തൂന്പ തുടങ്ങിയവ വയ്ക്കുന്നത് ഒഴിവാക്കിയും അനാവശ്യമായി വാതിലുകളും ജനലുകളും തുറന്നിടാതെയും പുല്ല് ചെത്തുന്പോഴും കാട് വെട്ടുന്പോഴും വലിയ ഷൂസ് ധരിച്ചും പാന്പുകടിയിൽനിന്ന് സുരക്ഷിതമാകാം.
പാന്പുകടിയേറ്റ് മരിച്ചവരുടെ ആശ്രിതർക്കും ആശുപത്രിയിൽ കഴിയുന്നവർക്കും സർക്കാർ ധനസഹായമുണ്ട്. എന്നാൽ, പലർക്കും ഇതെക്കുറിച്ച് അറിയില്ല.
നഷ്ടപരിഹാരം
2020-21 കാലഘട്ടത്തിൽ ജില്ലയിൽ 317 കേസുകളിലായി 83,93,007 രൂപ പാന്പുകടിയേറ്റവർക്ക് ചികിത്സാ സഹായമായി അനുവദിച്ചിട്ടുണ്ട്.
പാന്പുകടിയേറ്റ് മരിച്ചവർക്കുള്ള ധനസഹായം ഒന്നിൽനിന്ന് രണ്ടുലക്ഷമായി ഉയർത്തി. പാന്പുകടിയേറ്റ് മരിച്ചവരുടെ അടുത്ത ആശ്രിതർക്കാണ് ധനസഹായം നൽകുന്നത്.
പാന്പുകടിയേറ്റ് ചികിത്സയിലുള്ളവർ ആശുപത്രി ബില്ലുകൾ, മരുന്ന് വാങ്ങിയ കുറിപ്പ്, ഡോക്ടറുടെ സാക്ഷ്യപത്രം എന്നിവയടങ്ങുന്ന രേഖകൾ ഹാജരാക്കിയാൽ സർക്കാർ ധനസഹായം ലഭിക്കും. ഒരുലക്ഷം രൂപ വരെയാണ് ചികിത്സാച്ചെലവിനായി നൽകുന്നത്.
പ്രതിവിധി
പാന്പുകടി ഭീതി ഇല്ലാത്തവർ ചുരുക്കമായിരിക്കും. പാന്പുകടിയേറ്റാൽ പ്രഥമ ശുശ്രൂഷയാണ് അതിപ്രധാനം. ശരീരത്തിൽ വ്യാപിക്കുന്ന വിഷത്തിന്റെ അളവ് പരമാവധി കുറയ്ക്കുക എന്നതാണു പ്രഥമ ശുശ്രൂഷയുടെ ലക്ഷ്യം.
പാന്പുകടിയേറ്റയാൾ അധികം നടക്കാനും ഓടാനും പാടില്ല. ശരീരം ഇളകാതെ നോക്കണം. നടക്കുന്നതും ഓടുന്നതും വിഷം ശരീരത്തിൽ മുഴുവൻ വ്യാപിക്കാൻ കാരണമാകും.
കടിച്ചത് ഏതു പാന്പെന്ന് മനസിലാക്കാൻ സാധിച്ചാൽ ചികിത്സയിലുണ്ടാകുന്ന കാലതാമസം ഒഴിവാക്കാനാകും. കടിയേറ്റയാൾ പ്രകടിപ്പിക്കുന്ന ലക്ഷണങ്ങൾ നോക്കിയാലും കടിച്ച പാന്പിനെ തിരിച്ചറിയാനാകും.
മൂർഖൻ, അണലി, വളവളപ്പൻ അഥവാ വെള്ളിക്കെട്ടൻ, ചേനത്തണ്ടൻ എന്നിവയാണ് പ്രധാനമായും മനുഷ്യനെ കടിക്കുന്നതെന്നാണ് വനംവകുപ്പ് അധികൃതർ പറയുന്നത്.
വിഷ ലക്ഷണങ്ങൾ
പാന്പ് കടിച്ച ഭാഗത്ത് കാര്യമായി മുറിവ് ഉണ്ടായെന്നു വരില്ല. ഛർദിയാണ് പൊതുവെ വിഷബാധയേൽക്കുന്നതിന്റെ ആദ്യലക്ഷണം.
വെള്ളിക്കെട്ടൻ കടിച്ചാൽ വേദന ഉണ്ടാകില്ല. പാടും ഉണ്ടാകില്ല. ഉമിനീർ ഇറക്കാൻ പ്രയാസമുണ്ടാകും, തളർച്ച, നാവ് കുഴയുക, സംസാരം, ശ്വാസം എന്നിവ തടസപ്പെടുക എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
മൂർഖൻ കടിച്ച സ്ഥലത്ത് കറുപ്പ് കലർന്ന നീലനിറം ഉണ്ടാകും. കടിച്ചഭാഗത്ത് വീക്കവും തുടർന്ന് ശരീരഭാഗങ്ങളിൽ വീക്കവും അനുഭവപ്പെടും.
പാന്പുകടിച്ച പല്ലിന്റെ ഭാഗം വ്യക്തമായി കാണാൻ സാധിക്കും. തലച്ചോറിലെ കേന്ദ്ര നാഡീവ്യവസ്ഥ തകരാറിലാകും.
അണലി കടിച്ച ഭാഗത്ത് കറുപ്പ്, നീല നിറം കാണാനാകും. പല്ലിന്റെ പാട്, അസഹ്യമായ നെഞ്ചുവേദന, വലിയ തോതിൽ രക്തസ്രാവം, ശരീരത്തിലെ മറ്റു മുറിവുണ്ടെങ്കിൽ അതിലൂടെയും മൂത്രത്തിലൂടെയും രക്തം വരിക എന്നിവ അനുഭവപ്പെടും.
കടുത്ത നെഞ്ചുവേദന, ചെവിവേദന, കണ്ണു വേദനഎന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. മാരക വിഷമുള്ള പാന്പാണ് ചേനത്തണ്ടൻ.
ഇവയുടെ കടിയേറ്റാൽ വൃക്കയുടെ പ്രവർത്തനം തകരാറിലാകും. രക്തക്കുഴലിനുള്ളിലെ മാലിന്യം തള്ളുന്ന ശുദ്ധീകരണ പ്രക്രിയ തകരാറിലാകുകയും ചെയ്യും.
പ്രഥമശുശ്രൂഷ പ്രധാനം
പാന്പുകടിയേറ്റാൽ എത്രയും പെട്ടെന്ന് പ്രഥമശുശ്രൂഷ നൽകണം. കടിയേറ്റ ഭാഗം ശുദ്ധജലത്തിൽ കഴുകി വൃത്തിയാക്കണം. സോപ്പ് ഉപയോഗിക്കാം. കടിയേറ്റ ഭാഗത്തെ മുറിവിൽനിന്ന് രക്തം ഞെക്കിക്കളയണം.
വിഷം ഊതി വലിച്ചെടുക്കരുത്. അധികം മുറുക്കാതെ മുറിവ് മുകൾഭാഗത്ത് തുണികൊണ്ട് കെട്ടണം. തുടർന്ന് എത്രയും പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കുക. കടിയേറ്റയാൾക്ക് ധൈര്യം നൽകുകയും ചെയ്യണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നു.