പ്രതീക്ഷിക്കാതെ ഒരു പാമ്പിനെ കണ്ടാൽ ഒന്ന് ഞെട്ടാത്തവരായി ആരും തന്നെ കാണില്ല. അതേസമയം, ഒന്നല്ല 47 മൂർഖൻ പാമ്പിനെ കണ്ടാൽ എന്തായിരിക്കും അവസ്ഥ? ഇത്തരത്തിൽ ഒരു അധ്യാപികയുടെ വീട്ടുമുറ്റത്തുനിന്നും പിടികൂടിയത് 47 മൂർഖൻ കുഞ്ഞുങ്ങളെയും ഒരു വലിയ മൂർഖൻ പാമ്പിനെയുമാണ്. കോട്ടയം വേളൂർ കൃഷ്ണഗീതത്തിൽ രാധാകൃഷ്ണൻ നായരുടെ വീട്ടുമുറ്റത്തുനിന്നാണ് 47 മൂർഖൻ കുഞ്ഞുങ്ങളെയും ഒരു വലിയ മൂർഖൻ പാമ്പിനെയും പിടികൂടിയത്.
ഇന്നലെ രാവിലെയാണ് വീട്ടുമുറ്റത്ത് പാമ്പിൻമുട്ട കണ്ടതായി വീട്ടുകാർ വനംവകുപ്പ് സ്നേക് റസ്ക്യൂ ടീമിനെ വിവരമറിയച്ചത്. സംഘം സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് 47 പാമ്പിൻകുഞ്ഞുങ്ങളെ കണ്ടത്.
തുടർന്ന് വനം വകുപ്പിന്റെ സർപ്പ സ്നേക് റസ്ക്യൂ ടീം അംഗങ്ങളായ കെ.എ. അഭീഷ്, കെ.എസ്. പ്രശോഭ് എന്നിവർ ചേർന്ന് പാമ്പുകളെ കണ്ടെത്തി കൂട്ടിലാക്കുകയായിരുന്നു. പിടിച്ചെടുത്ത പാമ്പുകളെ കാട്ടിലേക്ക് അയയ്ക്കും.
സ്കൂട്ടറിനുള്ളിലും മൂർഖൻ പാമ്പ്
തിരുവാതുക്കൽ കരിമ്പിൻ പടിയിൽ സ്കൂട്ടറിനുള്ളിൽനിന്നും മൂർഖൻ കുഞ്ഞിനെ പിടികൂടി. തിരുവാതുക്കൽ സ്വദേശി മുരുകന്റെ വാഹനത്തിൽനിന്നാണു പാമ്പിനെ കണ്ടെത്തിയത്. വഴിയരികിൽ പാർക്ക് ചെയ്തിരുന്ന വാഹനത്തിലേക്ക് പാമ്പ് കയറുന്നത് ആദ്യം കണ്ടത് വഴിയാത്രക്കാരായിരുന്നു.
സമീപത്തുള്ള വീട്ടിൽ വിവരമറിയിച്ചിതിനെത്തുടർന്നു വീട്ടുകാർ നടത്തിയ പരിശോധനയിൽ സ്കൂട്ടറിനുള്ളിൽ പാമ്പിനെ കണ്ടെത്തി. വീട്ടുകാർ വനം വകുപ്പിന്റെ സ്നേക്ക് റെസ്ക്യൂ ടീമിനെ വിവരമറിയിക്കുകയും റെസ്ക്യൂ ടീം സ്ഥലത്തെത്തി സ്കൂട്ടർ അഴിച്ചു പാമ്പിനെ പിടികൂടുകയുമായിരുന്നു.