വെജിറ്റേറിയന്‍ ഹോട്ടലില്‍ നിന്നും പാഴ്‌സല്‍ വാങ്ങി വീട്ടില്‍ കൊണ്ടുപോയ കൊത്തുപൊറോട്ടയില്‍ പാമ്പിന്റെ തല. പൊറോട്ട കഴിച്ച വിദ്യാര്‍ഥിക്കു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് രക്ഷാകര്‍ത്താക്കളുടെ പരാതിയെ തുടര്‍ന്നു പരിശോധന നടത്തിയ ഭക്ഷ്യസുരക്ഷാ വിഭാഗം ഹോട്ടലിനു പിഴ ചുമത്തുകയും ചെയ്തു. പോളയത്തോട് റെയില്‍വേ ഗേറ്റിനു സമീപം വാറുപുരയിടത്തില്‍ ഷാനു(16)വിനാണു പൊറോട്ട കഴിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
തിങ്കള്‍ രാത്രി എട്ടരയോടെയാണു പോളയത്തോട്ടിലെ സസ്യഭക്ഷണശാലയില്‍ നിന്നു കൊത്തുപൊറോട്ട വാങ്ങിയത്. വീട്ടില്‍ കൊണ്ടുവന്നു കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ മീന്‍ തല പോലെ എന്തോ കിടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. പരിശോധിച്ചപ്പോഴാണ് ഇതു പാമ്പിന്റെ തലയാണെന്നു വ്യക്തമായത്. ഇതോടെ ഷാനുവിന് അസ്വസ്ഥത അനുഭവപ്പെട്ടു. ഉടനെ കുട്ടിയെ ഉപാസന ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. തുടര്‍ന്ന് ഇവര്‍ ബാക്കി വന്ന ഭക്ഷണവുമായി ഹോട്ടലിലെത്തി വിവരം ധരിപ്പിച്ചു. അറിയാതെ സംഭവിച്ചതാണെന്നായിരുന്നു ഹോട്ടലുകാരുടെ മറുപടി.
ഇന്നലെ രാവിലെ ചിന്നക്കടയിലെ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫിസിലെത്തി പരാതി നല്‍കി. ഭക്ഷ്യസുരക്ഷാ ഓഫിസര്‍ ചിത്ര മുരളിയുടെ നേതൃത്വത്തില്‍ അധികൃതര്‍ ഹോട്ടലില്‍ പരിശോധന നടത്തി. കോളിഫ്‌ളവറിനിടയ്ക്ക് ഇരുന്നതായിരിക്കാം പാമ്പ് എന്നാണു നിഗമനം. പരിശോധനയില്‍ ഹോട്ടലിലെ വൃത്തിഹീനമായ അന്തരീക്ഷം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നു നോട്ടിസ് നല്‍കുകയും 5,000 രൂപ പിഴ ചുമത്തുകയും ചെയ്തു.