ഇരിങ്ങാലക്കുട: പാന്പുകടിയേറ്റ് ചികിത്സ തേടുന്നവരുടെ എണ്ണം വർധിക്കുന്നു. സഹകരണ ആശുപത്രിയിൽ ഒരാഴ്ചയ്ക്കുള്ളിൽ പതിനഞ്ചോളം പേരാണ് എത്തിയത്. കഴിഞ്ഞ ബുധനാഴ്ച മാത്രം മൂന്ന് പേരെത്തി. പലർക്കും വീട്ടിനുള്ളിലാണ് കടിയേറ്റത്. കൊടുങ്ങല്ലൂർ മേഖലയിൽ നിന്നാണ് കൂടുതൽ പേരും സഹകരണ ആശുപത്രിയിൽ എത്തുന്നത്.
കടുത്ത ചൂടിൽ നിന്ന് രക്ഷപ്പെടാൻ പാന്പുകൾ തണുപ്പുള്ള സ്ഥലങ്ങൾ തേടി പുറത്തിറങ്ങുന്നതാണ് പാന്പ് കടിയേൽക്കുന്നതിന് കാരണമാകുന്നതെന്ന് പറയുന്നു. വീടുകളിൽ വെള്ളം കൂടുതൽ ഉപയോഗിക്കുന്ന കുളിമുറികൾ, അടുക്കള എന്നിവിടങ്ങളിൽ തണുപ്പ് തേടി ഇവ എത്തുന്നുണ്ട്.
സഹകരണ ആശുപത്രിയിലും ഗവ. ജനറൽ ആശിപത്രിയിലുമാണ് മേഖലയിൽ പാന്പ് വിഷത്തിന് ചികിത്സ ലഭിക്കുന്നത്. ഐസിയു, വെന്റിലേറ്റർ സൗകര്യങ്ങൾ ഇല്ലാത്തതിനാൽ ജനറൽ ആശുപത്രിയിൽ എത്തുന്നവരെ ആന്റി വെനം നൽകിയശേഷം മെഡിക്കൽ കോളജിലേക്ക് അയയ്ക്കുകയാണ് പതിവ്.
ഗുരുതരമല്ലെങ്കിൽ ഇവിടെ തന്നെ ചികിത്സ നൽകും. കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ പ്രളയസമയത്ത് മരുന്നു ലഭ്യമായിരുന്നെങ്കിലും നിലവിൽ ഇല്ല.