കൊച്ചുകുട്ടികളെ ഭംഗിയുള്ള ഉടുപ്പുധരിപ്പിച്ച് പല പോസുകളില്‍ നിര്‍ത്തി ഫോട്ടോയെടുക്കുന്നത് അമ്മമാരുടെ ഹോബികളില്‍ പെടുന്നതാണ്. ഇത്തരത്തില്‍ തന്റെ കുട്ടിയുടെ ഫോട്ടോയെടുത്ത ഓസ്‌ട്രേലിയക്കാരിയായ അമ്മ, താനെടുത്ത ഫോട്ടോ കണ്ട് ഞെട്ടിത്തരിക്കുകയാണുണ്ടായത്. രണ്ടുവയസ്സുകാരിയായ മകള്‍ മോളിയുടെ ഫോട്ടോ എടുക്കുകയായിരുന്നു ഓസ്ട്രേലിയക്കാരിയായ ബിയാന്‍കാ ഡിക്കിന്‍സണ്‍. കമ്പിവേലിയില്‍ പിടിച്ചു നില്‍ക്കുന്ന മകളുടെ ചിത്രം എടുക്കുന്നതിനിടെ എന്തോ ഒന്ന് മകളുടെ അരികിലൂടെ നീങ്ങുന്നത് കണ്ടെങ്കിലും ബിയാന്‍ക അതെന്താണെന്ന് ആദ്യം ശ്രദ്ധിച്ചില്ല. എന്നാല്‍ ഒന്നുകൂടി സൂക്ഷിച്ചു നോക്കിയപ്പോഴാണ് ആ നീങ്ങിയത് എന്താണെന്ന് ബിയാന്‍കയ്ക്ക് മനസ്സിലായത്.
ലോകത്തിലെ തന്നെ ഏറ്റവും വിഷമുള്ള പാമ്പുകളില്‍ രണ്ടാം സ്ഥാനത്തുള്ള ഈസ്റ്റേണ്‍ ബ്രൗണ്‍ സ്നേക്ക് ആയിരുന്നു ബിയാന്‍കയുടെ മകളുടെ തൊട്ടടുത്തുകൂടി ഇഴഞ്ഞുപോയത്. ഉഗ്രവിഷമുള്ള പാമ്പ് തൊട്ടടുത്തു കൂടി ഇഴഞ്ഞു നീങ്ങുന്നത് അറിയാതെ കാറ്റില്‍ പറക്കുന്ന മുടിയും കുസൃതിച്ചിരിയുമായി നില്‍ക്കുന്ന മോളിയുടെ ആ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. സംഭവത്തെ കുറിച്ച് ബിയാന്‍ക പറയുന്നത് ഇങ്ങനെ- ‘മോളിയുടെ മുതിര്‍ന്ന സഹോദരങ്ങള്‍ വരാനായി കാത്തുനില്‍ക്കുകയായിരുന്നു ഞങ്ങള്‍ ഇരുവരും. അപ്പോഴാണ് ഞാന്‍ മോളിയുടെ ഫോട്ടോ എടുക്കാന്‍ തുടങ്ങിയത്. ഫോട്ടോ എടുക്കുന്നതിനിടെ എന്തോ ഒന്ന് മോളിയുടെ അടുത്തുകൂടി നീങ്ങുന്നത് കണ്ടു. നല്ല കാറ്റുണ്ടായിരുന്നു അവിടെ. കാറ്റില്‍ നീങ്ങുന്ന മരത്തടിയോ മറ്റോ ആയിരിക്കും എന്നാണ് ഞാന്‍ വിചാരിച്ചത്. പിന്നീടാണ് പാമ്പാണെന്ന് തിരിച്ചരിഞ്ഞത്. ഭാഗ്യത്തിന് എന്റെ മകള്‍ പാമ്പിനെ കണ്ടില്ല. പാമ്പ് അവളെ ഉപദ്രവിച്ചതുമില്ല.
പക്ഷെ ആ കാഴ്ചയില്‍ നിന്നുണ്ടായ ഭയം ഇപ്പോഴും എന്നെ വിട്ടൊഴിഞ്ഞിട്ടില്ല. വീട്ടിലെത്തിയപ്പോള്‍ എന്റെ മറ്റു മക്കളോട് ഞാന്‍ ഇക്കാര്യം പറഞ്ഞു. അതിനിടയില്‍ മകന്‍ എന്നോടു ചോദിച്ചു പാമ്പിന്റെ ഫോട്ടോ എടുത്തോയെന്ന്. പക്ഷെ അതിനെ കുറിച്ചൊന്നും എനിക്ക് ഓര്‍മയുണ്ടായിരുന്നില്ല. പിന്നീട് ഫോട്ടോകള്‍ വീണ്ടും പരിശോധിച്ചപ്പോഴാണ് ഈ ചിത്രം ലഭിച്ചത്’. ബിയാന്‍ക പറയുന്നു. മകളുടെയും അവളുടെ തൊട്ടടുത്തുകൂടി വിഷപ്പാമ്പ് നീങ്ങുന്നതിന്റെയും ഫോട്ടോ ബിയാന്‍ക തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തു. പതിനായിരത്തില്‍ അധികം ആളുകളാണ് ബിയാന്‍കയുടെ പോസ്റ്റ് ഇതിനോടകം ഷെയര്‍ ചെയ്തിട്ടുള്ളത്. 23000 ല്‍ അധികം ആളുകള്‍ അവരുടെ പ്രതികരണം രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. മോളിക്ക് അപകടമൊന്നും സംഭവിക്കാത്തത് ഭാഗ്യം എന്നാണ് ഭൂരിഭാഗം ആളുകളും കമന്റ് ചെയ്തത്. അതേസമയം ബിയാന്‍ക എടുത്ത ഫോട്ടോ വളരെ മികച്ചതാണെന്നും ആളുകള്‍ക്ക് അഭിപ്രായമുണ്ട്.