ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഇന്ത്യയിലെ ചില ഗ്രാമങ്ങൾ വിചിത്രമായ ആചാരങ്ങളും പാരമ്പര്യങ്ങളും കാത്തുസൂക്ഷിക്കുന്നു. മാരകവിഷമുള്ള പാമ്പുകളിലൊന്നായ മൂർഖനെ വീട്ടിൽ വളർത്തുകയും അവയോടൊപ്പം ജീവിക്കുകയും ചെയ്യുന്നവർ ഇപ്പോഴും രാജ്യത്തുണ്ട്!
അത്തരത്തിലൊരു വാർത്തയാണ് ഇന്ന് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. മഹാരാഷ്ട്രയിലെ സോലാപുർ ജില്ലയിൽ ഷെത്ഫൽ ഗ്രാമവാസികളാണു നാഗങ്ങളെ വീട്ടിൽ വളർത്തുകയും ആരാധിക്കുകയും ചെയ്യുന്നത്.
സർപ്പങ്ങൾ ഇവർക്ക് ആത്മീയതയുടെ പര്യായമാണ്. ഇവിടത്തെ കുട്ടികൾക്കുപോലും നാഗങ്ങളെ ഭയമില്ലെന്നു മാത്രമല്ല, പാന്പുകൾക്കായി വീടുകളിൽ പ്രത്യേക മുറി വരെ ഒരുക്കുകയും ചെയ്യുന്നു.
വീടുകളിൽ പാന്പുകൾക്കു സ്വതന്ത്രമായി വിഹരിക്കാം. പാന്പുകൾക്കായി സജ്ജീകരിക്കുന്ന മുറിയെ ‘ദേവസ്ഥാനം’ എന്നു വിളിക്കുന്നു. നാഗാരാധന ജീവിതത്തിൽ ഐശ്വര്യം കൊണ്ടുവരുമെന്നാണ് വിശ്വാസം.