പാമ്പ് എന്ന പേര് കേള്‍ക്കുമ്പോഴേ മുട്ടിടിക്കുന്ന ആളുകളുണ്ട്. മലയാളികള്‍ പ്രത്യകിച്ച്. വാവ സുരേഷിനെപ്പോലെ വളരെ ചുരുക്കം ആളുകള്‍ക്ക് മാത്രമേ പാമ്പിനെ പേടിയില്ലാത്തതായുള്ളു. പാമ്പിറച്ചി കഴിക്കുക എന്നത് മലയാളികള്‍ക്ക് കേട്ടുകേള്‍വി മാത്രമേയുള്ളു. എന്നാല്‍ പാമ്പിനെ വറുത്തും പൊരിച്ചും കറിവെച്ചും എന്തിനേറെ പറയുന്നു, പച്ചയ്ക്ക് വരെ കഴിക്കുന്ന ആളുകളുണ്ട്, ലോകത്തിന്റെ വിവിധഭാഗങ്ങളില്‍. നമ്മുടെയൊക്കെ നാട്ടില്‍ പാമ്പിറച്ചി എന്ന് കേള്‍ക്കുമ്പോള്‍ അറപ്പാണ് തോന്നുക എങ്കിലും മറ്റ് ചില രാജ്യങ്ങളില്‍ മത്സ്യത്തെക്കാളും മാംസത്തേക്കാളുമൊക്കെ വിലയേറിയ വിഭവമായാണ് പാമ്പുവിഭവങ്ങള്‍ വില്‍ക്കപ്പെടുന്നത്.
മറ്റ് മാംസവിഭവങ്ങളേക്കാളേറെ പോഷകഗുണങ്ങളും പാമ്പിറച്ചിയ്ക്കുണ്ടെന്നാണ് ഇന്നാട്ടുകാരൊക്കെ അവകാശപ്പെടുന്നതും. ഇത്തരത്തില്‍ പാമ്പിനെ തിന്നാന്‍ കിട്ടുന്ന ഒരു മാര്‍ക്കറ്റിലെ കാഴ്ചകളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഇന്തോനേഷ്യയിലെ ഒരു മാര്‍ക്കറ്റില്‍ നിന്നുള്ള കാഴചകളാണ് വീഡിയോയില്‍ കാണുന്നത്. വിഷപാമ്പുകളായ രാജവെമ്പാലയെ കൊന്ന് തൊലിപൊളിച്ച് വൃത്തിയാക്കിയെടുത്ത് വിവിധ പാമ്പുവിഭവങ്ങള്‍ തയാറാക്കുന്നതിന്റെ ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്. പാമ്പുവിഭവങ്ങള്‍ക്ക് ധാരാളം ആവശ്യക്കാരുള്ളതായും വീഡിയോയില്‍ ദൃശ്യമാണ്.