ശരീര സൗന്ദര്യം നിലനിര്‍ത്തുന്നതിനും ആരോഗ്യ സംരക്ഷണത്തിനുമായാണ് ആളുകള്‍ ശരീരം മസാജ് ചെയ്യുന്നത്. മാനസിക ഉണര്‍വ്വ് ലഭിക്കുന്നതിനും മസാജ് ഉപകരിക്കും. എന്നാല്‍ ജര്‍മ്മനിയിലെ ഈ മസാജിംങ് പാര്‍ലറില്‍ നിന്ന് മസാജ് ചെയ്യാന്‍ പണമല്ല, മറിച്ച് അല്‍പ്പം കൂടുതല്‍ ധൈര്യമാണ് വേണ്ടത്. മസാജ് ചെയ്യുന്നതിന് എന്തിനാണ് ധൈര്യമെന്നല്ലേ. കാരണം ഇവിടെയെത്തുന്ന ആളുകളെ മസാജ് ചെയ്യുന്നത് മനുഷ്യരല്ല, മറിച്ച് പാമ്പുകളാണ്. അതും പെരുമ്പാമ്പ്.
മസാജിംങിനായെത്തിയ ഒരു യുവതിയെ പെരുമ്പാമ്പ് മസാജ് ചെയ്യുന്നതിന്റെ വീഡിയോ ഇപ്പോള്‍ ഫേസ്ബുക്കില്‍ വൈറലായിരിക്കുകയാണ്. സാധാ മസാജിംങില്‍ നിന്ന് വ്യത്യസ്തമായി ഈ പാര്‍ലറില്‍ കഴുത്തിലാണ് മസാജിങ് നടത്തി വരുന്നത്. ഫേസ്ബുക്കിലെ വീഡിയോ വൈറലായതിനെതുടര്‍ന്ന് നിരവധിയാളുകള്‍ പാര്‍ലറില്‍ പെരുമ്പാമ്പിന്റെ മസാജിംങിനായി എത്തിച്ചേരുന്നുണ്ടെന്നാണ് ഉടമസ്ഥര്‍ പറയുന്നത്. കഴിഞ്ഞ 13 വര്‍ഷമായി തങ്ങള്‍ ഇത്തരത്തിലുള്ള മസാജിംങ് ഇവിടെ നടത്താറുണ്ടെന്നും എന്നാലിപ്പോഴാണ് ആളുകള്‍ അറിഞ്ഞെത്തിതുടങ്ങിയതെന്നും ഉടമ പറയുന്നു. ഈ പാര്‍ലറില്‍ പെരുമ്പാമ്പിന്റെ മസാജിംങിന് പ്രത്യേകം ഫീസൊന്നും ഈടാക്കുന്നില്ലെങ്കിലും ആളുകള്‍ പാമ്പിന്റെ ഭക്ഷണത്തിനാവശ്യമായ പണം നല്‍കിയ ശേഷമെ മടങ്ങാറുള്ളു.