ചവറ: വീട്ടുകാരുടെ ഉറക്കം കെടുത്തിയ മൂർഖൻ ഒടുവിൽ മുരുകന്‍റെ കൈയിൽ. ചവറ നല്ലേഴ്ത്ത് മുക്കിൽ ആരാധ് ഭവനത്തിൽ മുരളിയുടെ വീട്ടിലെ വിറക് പുരയിൽ നിന്നാണ് മൂർഖനെ പിടികൂടിയത്. ചൊവാഴ്ച രാത്രി 10 ഓടെയായിരുന്നു വീട്ടുകാരുടെ ഉറക്കം കെടുത്തിയ മൂർഖൻ വിറക് പുരയിൽ കയറിയത് കണ്ടത് സമീപവാസിയാണ്.
ഉടൻ തന്നെ ഇദ്ദേഹം വീട്ടുകാരെ വിവരം ധരിപ്പിച്ചു.വീട്ടുകാർ ആവുന്ന പണി പലതും നോക്കിയിട്ടും അകത്ത് കയറിയ മൂർഖനെ പുറത്തെത്തിക്കാൻ കഴിഞ്ഞില്ല. തുടർന്ന് പാമ്പ് സ്നേഹിയായ മുരുകനെ ഫോണിൽ ബന്ധപ്പെടുകയും ചെയ്തു. സംഭവമറിഞ്ഞ് പരിസരവാസികളും കൂടി.
അരമണിക്കൂറിനുളളിൽ മുരുകനെത്തി വിറകെല്ലാം എടുത്ത് മാറ്റിയതിന് ശേഷമാണ് ആറടി നീളമുളള മൂർഖനെ പിടികൂടി വീട്ടുകാരുടെ ഭയം ഇല്ലാതാക്കിയത്. കൊല്ലത്തെത്തിച്ച മൂർഖനെ വനപാലകരെ അനുമതിയോടെ കാട്ടിലേക്ക് കടത്തി വിട്ടു.