കോട്ടയം: വാവ സുരേഷിനു പാന്പു കടിയേറ്റ സംഭവത്തിനുശേഷം പാന്പിനെക്കുറിച്ചാണ് നാട്ടിലെങ്ങും ചർച്ച.
ജില്ലയിൽ വിവിധയിടങ്ങളിൽ പാന്പുകടിയേൽക്കുന്നവരുടെ എണ്ണം കൂടിവരുന്നതായാണു റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത്.
വാവ സുരേഷിനെ പാന്പു കടിച്ച പ്രദേശത്ത് വീണ്ടും പാന്പിനെ കണ്ടതോടെ പ്രദേശവാസികളും ഭയചകിതരായി. എന്തുകൊണ്ട് ഇങ്ങനൊരു പാന്പുകാലം?
പ്രളയത്തിനുശേഷം
തുടർച്ചയായുണ്ടാകുന്ന പ്രളയത്തിനുശേഷം ജില്ലയിൽ പാന്പു കടിയേൽക്കുന്നവരുടെ എണ്ണം വർധിക്കുന്നു.
പ്രളയത്തിൽ ഒഴുകിയെത്തുന്നതും പാർക്കാൻ ഇടമില്ലാതെയുമാകുന്ന പാന്പുകളാണു ജനങ്ങൾക്കു പേടിസ്വപ്നമാകുന്നത്.
2018ലെ പ്രളയത്തിനുശേഷം കോട്ടയം നഗരസഭ, അയ്മനം, ആർപ്പൂക്കര, തിരുവാർപ്പ്, കുമരകം, കുറിച്ചി പഞ്ചായത്തുകളിലടക്കം ജില്ലയിൽ പടിഞ്ഞാറൻ മേഖലയിൽ പാന്പുശല്യം വർധിച്ചു.
ഓരോ വെള്ളപ്പൊക്കത്തിലും ഒഴുകിയെത്തുന്ന പെരുന്പാന്പ് തുടങ്ങി മൂർഖൻവരെ വെള്ളമിറങ്ങുന്നതോടെ ജനങ്ങൾക്ക് അപകടം വിതയ്ക്കുന്നു.
ജില്ലയുടെ കിഴക്കൻ മേഖലയിൽ കത്തുന്ന ചൂടിൽനിന്നു രക്ഷതേടിയാണു വീടിന്റെ പരിസരങ്ങളിൽ പാന്പുകൾ എത്തുന്നത്.
ഇണചേരൽ നടക്കുന്ന ഡിസംബർ മുതൽ ഏപ്രിൽ വരെയുള്ള സമയങ്ങളിലാണു പാന്പുകളുടെ ശല്യമേറുന്നത്.
പേടിപ്പെടുത്തുന്ന കണക്കുകൾ
ഓരോ മാസവും പാന്പു കടിയേൽക്കുന്നവരുടെ എണ്ണം ജില്ലയിൽ കൂടുകയാണ്. ആരോഗ്യവകുപ്പിന്റെ കണക്കുപ്രകാരം 2018ൽ 52, 2019ൽ 171, 2020ൽ 239, 2021ൽ 307 എന്നിങ്ങനെയാണു പാന്പുകടിയേറ്റവരുടെ എണ്ണം.
വിഷഹാരികളുടെ പക്കലെത്തിയവരുടെയും സ്വയം ചികിത്സ തേടിയവരുടെയും എണ്ണംകൂടി കണക്കാക്കിയാൽ പട്ടികയുടെ നീളമേറും.
വനംവകുപ്പിന്റെ അംഗീകൃത സുരക്ഷാ വോളന്റിയർമാർ കഴിഞ്ഞ ഡിസംബറിൽ നാല്പതും ജനുവരിയിൽ എഴുപതും പാന്പുകളെയാണു പിടികൂടിയത്.
മൂർഖൻ, അണലി, പെരുന്പാന്പ് എന്നിവയായിരുന്നു ഇവ. ജില്ലയിലെ എല്ലാ മേഖലകളിലും കാണപ്പെടുന്ന വിഷപ്പാന്പ് മൂർഖനാണ്. അണലി, ശംഖുവരയൻ പോലുള്ള ഇനങ്ങളും കാണപ്പെടുന്നുണ്ട്.
സഹായഹസ്തവുമായി സർപ്പ ആപ്
അശാസ്ത്രീയമായി പാന്പിനെ പിടിക്കുന്നതിലൂടെ അപകടങ്ങൾ വർധിച്ചതിനെ തുടർന്ന് കേരളാ ഫോറസ്റ്റ് ആൻഡ് വൈൽഡ് ലൈഫ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ പരിശീലനം നൽകി ലൈസൻസ് നേടിയ വിദഗ്ധരെ ഉൾപ്പെടുത്തി 24 മണിക്കൂറും സേവനം ഉറപ്പാക്കുന്ന സർപ്പ ആപ്പ് ആവിഷ്കരിച്ചിട്ടുണ്ട്.
ജില്ലയിലെ സ്നേക്ക് റെസ്ക്യു വാട്സ് ആപ്പ് കൂട്ടായ്മയിൽ ലഭിക്കുന്ന പരാതി കോ ഓർഡിനേറ്ററുടെ ഓഫീസിൽനിന്നാണ് നിയന്ത്രിക്കുന്നത്.
ഗ്രൂപ്പിൽ ലൊക്കേഷനും നന്പരും ഫോട്ടോയും ഉൾപ്പെടെ അയച്ച് ഏറ്റവുമടുത്ത ലൊക്കേഷൻ റെസ്ക്യൂവറെ ഫോണിൽ ബന്ധപ്പെടും.
ഇവർക്ക് അസൗകര്യമുണ്ടെങ്കിൽ അടുത്തുള്ള മറ്റ് റെസ്ക്യൂവറെ അറിയിക്കും. ദിവസം എട്ടു പേരെങ്കിലും സഹായം തേടി വിളിക്കുന്നുണ്ട്.
അഞ്ച് അടി അകലത്തിൽ ആണെങ്കിൽ പോലും പാന്പ് പാഞ്ഞുവന്നു കടിക്കാറില്ല. അതിന്റെ നീക്കം ശ്രദ്ധിക്കുകയാണ് ആദ്യം വേണ്ടത്.
തുടർന്നു ഫോണ് ചെയ്തു വനംവകുപ്പിനെ വിവരം അറിയിക്കാം. പാന്പ് ഇരിക്കുന്ന സ്ഥലത്തുപോ യി അതിനെ ശല്യം ചെയ്യാൻ ശ്രമിക്കരുത്. പാന്പിനെ കണ്ടാൽ വിളിക്കാം: 8943249386
ചികിത്സാ സംവിധാനം
മെഡിക്കൽ കോളജ്, ജനറൽ ആശുപത്രികൾ, താലൂക്ക് ആശുപത്രികൾ എന്നിവിടങ്ങളിൽ പാന്പുകടിയേറ്റാൽ ചികിത്സ നൽകുന്നതിനുള്ള ആന്റിവെനം ഉണ്ട്.
കോട്ടയം സർക്കാർ മെഡിക്കൽ കോളജ്, കോട്ടയം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈൽഡ് ഹെൽത്ത്, കോട്ടയം ജനറൽ ആശുപത്രി, കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി, എരുമേലി സാമൂഹ്യ ആരോഗ്യകേന്ദ്രം, വൈക്കം താലൂക്ക് ആസ്ഥാന ആശുപത്രി, കാരിത്താസ് ആശുപത്രി, ഭാരത് ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ ആന്റിവെനം ലഭ്യമാണ്.
ആന്റിവെനം ഇല്ലാത്ത ആശുപതികളിൽ കയറി വിലപ്പെട്ട സമയം കളയാതിരിക്കാം. ചികിത്സയ്ക്ക് ഒരു ലക്ഷംരൂപവരെ സഹായമുണ്ട്.
മരിക്കുകയോ അംഗവൈകല്യം സംഭവിക്കുകയോ ചെയ്താൽ രണ്ട് ലക്ഷം രൂപവരെയും ലഭിക്കും.
രജിസ്റ്റേർഡ് മെഡിക്കൽ ഓഫീസർ സാക്ഷ്യപ്പെടുത്തിയ ബില്ലുകൾ സഹിതം അക്ഷയകേന്ദ്രം വഴി അപേക്ഷിച്ചാൽ നഷ്ടപരിഹാരവും ലഭിക്കും.
പാന്പുവിഷത്തിനു മറുമരുന്ന്
പാന്പുകളുടെ വിഷം പ്രോട്ടീനാണ്. ഈ പ്രോട്ടീനെ നിർവീര്യമാക്കാനുള്ള മറുമരുന്ന് കുതിരകളിൽനിന്നാണ് നിർമിക്കുന്നത്.
മനുഷ്യ മരണത്തിനു കാരണമാകാവുന്ന മൂർഖൻ, ശംഖുവരയൻ, അണലി, ചുരുട്ട മണ്ഡലി എന്നീ നാലു പാന്പുകളുടെ വിഷം കുതിരയിൽ കുത്തിവച്ച്, കുതിരയുടെ ശരീരത്തിലുണ്ടാകുന്ന ആന്റിബോഡി രക്തത്തിൽനിന്നും വേർതിരിച്ചെടുക്കുന്നു. ഇതാണു മറുമരുന്ന്.
വിഷപ്പാന്പുകളുടെ എല്ലാ കടികളും മരണകാരണം ആകുകയുമില്ല. ഇര പിടിച്ചതിനുശേഷമുള്ള കടികളിലും പല്ലുകൾ ആഴത്തിൽ ഇറങ്ങാത്ത കടികളിലും മനുഷ്യ ശരീരത്തിലേക്കു മരണകാരണമാകാവുന്ന അളവിൽ വിഷം പ്രവേശിക്കണമെന്നില്ല.
ഈ രണ്ട് സാധ്യതകളുമാണ് വ്യാജ ചികിത്സകർ ഉപയോഗിക്കുന്നത്. കല്ല് ശരീരത്തിൽ വച്ചാലോ, പച്ചിലകൾ പിഴിഞ്ഞൊഴിച്ചാലോ പാന്പുകളുടെ വിഷത്തിനു മരുന്നാവില്ലെന്നു ചുരുക്കം.
പാന്പുകടിയേറ്റാൽ ഉടൻ ചെയ്യേണ്ടത്
പാന്പുകടിയേറ്റാൽ പരിഭ്രമിക്കാതിരിക്കുക. കടിയേറ്റവർ ഭയന്ന് ഓടരുത്. വിഷം പെട്ടെന്ന് ശരീരത്തിലാകെ വ്യാപിക്കാൻ ഇതു കാരണമാകും.
കടിയേറ്റ ഭാഗത്തെ വിഷം കലർന്ന രക്തം ഞെക്കിക്കളയാനോ കീറി എടുക്കാനോ ശ്രമിക്കരുത്. രോഗിയെ കിടത്തരുത്.
കടിയേറ്റ ഭാഗം ഹൃദയത്തിന്റെ താഴെ വരുന്ന രീതിയിൽ വയ്ക്കുക. മുറിവേറ്റ ഭാഗം അധികം അനക്കാതെ മുറിവിനു മുകളിലായി ഒരു വിരൽ കടക്കാനുള്ള സ്ഥലമിട്ട് തുണിയോ ബാൻഡേജോ ഉപയോഗിച്ചു കെട്ടുക. കടിയേറ്റ ശരീരഭാഗം താഴേക്കു തൂക്കിയിടാൻ ശ്രദ്ധിക്കണം.
പാന്പിനെ പിടിക്കാനോ തല്ലിക്കൊല്ലാനോ സമയം പാഴാക്കാതെ കടിയേറ്റ ആളെ സമീപത്ത് ആന്റിവെനം ലഭ്യമായ ആശുപത്രിയിൽ എത്തിക്കുക.
വിഷമുള്ള പാന്പാണോ അല്ലയോ എന്നത് ഹോസ്പിറ്റലിൽ കണ്ടുപിടിക്കാം. രാജവെന്പാല, മൂർഖൻ, ശംഖുവരയൻ എന്നിവയുടെ വിഷം നാഡി മണ്ഡലത്തെ ബാധിക്കും.
ഇതോടെ കാഴ്ച മങ്ങൽ, ശ്വാസതടസം, ആമാശയ വേദന എന്നിവ ഉണ്ടാകും. അണലിയുടെ വിഷം രക്തമണ്ഡലത്തെയാണ് ബാധിക്കുന്നത്.
വിഷബാധ മൂലം കടിയേറ്റ ഭാഗത്തു നീരും ഒപ്പം തലകറക്കവും ഉണ്ടാകും. രോമകൂപങ്ങളിലൂടെ രക്തം പൊടിയും.
ആശ്വാസവാർത്തയായി വാവ സുരേഷിന്റെ തിരിച്ചുവരവ്
ഗാന്ധിനഗർ: വാവ സുരേഷ് ജീവിതത്തിലേക്കു തിരികെ എത്തിയതിന്റെ ആശ്വാസത്തിൽ ബന്ധുക്കളും സുഹൃത്തുക്കളും.
മൂർഖൻ പാന്പിന്റെ കടിയേറ്റ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷിനെ ഇന്നലെ മുറിയിലേക്കു മാറ്റി.
ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് ഇന്നലെ രാവിലെ കിടക്കയിൽ എഴുന്നേറ്റിരിക്കുകയും സാധാരണ രീതിയിലുള്ള ഭക്ഷണം കഴിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ 100 മണിക്കൂറുകളായി വാവ സുരേഷ് ചികിത്സയിലാണ്. ഇപ്പോൾ ഓർമശക്തിയും സംസാരശേഷിയും പൂർണമായും വീണ്ടെടുത്തു.
കഴിഞ്ഞദിവസം ഐസിയു യൂണിറ്റിൽ ഡോക്ടർമാർസുരേഷിനെ നടത്തിച്ചിരുന്നു. ശരീരത്തിൽ പ്രവേശിച്ച മൂർഖൻ പാന്പിന്റെ വിഷം രക്തത്തിൽ കലർന്ന് തലച്ചോറുവരെ എത്തിയിരുന്നു.
പ്രഥമ ശുശ്രൂഷയിൽ തന്നെ ആന്റിവെനം നൽകി അതു നിർവീര്യമാക്കി. പാന്പിന്റെ കടിയേറ്റ ഭാഗത്തു പടർന്ന വിഷാംശം വീണ്ടും രക്തത്തിലൂടെ കലർന്ന് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്താതിരിക്കുന്നതിനായി രണ്ടാം തവണയും ആന്റിവെനം നൽകിയിരുന്നു.
ഇപ്പോൾ തലച്ചോറിന്റെ പ്രവർത്തനം അല്പംകൂടി മെച്ചപ്പെടുത്താനും മുറിവുണങ്ങുന്നതിനും മറ്റുമുള്ള ചികിത്സയാണ് നടത്തുന്നത്.
അടുത്തദിവസംതന്നെ വാർഡിലേക്ക് മാറ്റാമെന്നും തുടർന്ന് ആശുപത്രി വിടാനാകുമെന്ന പ്രതീക്ഷയിലാണ് ആശുപത്രി അധികൃതർ.
ഡോക്ടർമാരോടും ആരോഗ്യ പ്രവർത്തകരോടും ഇന്നലെമുതൽ സംസാരിക്കുന്നുണ്ട്. കഴിഞ്ഞ സംഭവങ്ങൾ ഓർമിച്ചെടുക്കുവാനും കഴിയുന്നു.
ഹൃദയത്തിന്റെയും ആന്തരികാവയവങ്ങളുടേയും പ്രവർത്തനം സാധാരണ നിലയിൽ ആയതിനാൽ ഇനി ആശങ്കപ്പെടേണ്ടതില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ജനുവരി 31നു വൈകുന്നേരം 4.30നു കോട്ടയം കുറിച്ചിയിലെ സ്വകാര്യവ്യക്തിയുടെ പുരയിടത്തിൽനിന്നു മൂർഖൻപാന്പിനെ പിടികൂടുന്നതിനിടെയിലാണ് വാവാ സുരേഷിനു കടിയേൽക്കുന്നത്.
2013ലും 2020ലും സമാനമായ സാഹചര്യത്തിൽ അതീവ ഗുരുതരാവസ്ഥയിൽ വാവാ സുരേഷിനെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.