മാന്നാര്‍: ഫ്രൂട്ട്സ് കടയിലേക്ക് പൈനാപ്പിള്‍ കൊണ്ടുവന്ന പെട്ടിയില്‍ വലിയ പാമ്പിനെ കണ്ടെത്തി. കഴിഞ്ഞ ദിവസം മാന്നാര്‍ സിറ്റി ഫ്രൂട്ട്സ് സ്റ്റാളിലായിരുന്നു സംഭവം. രാവിലെ പൈനാപ്പിള്‍ കൊണ്ടുവന്ന പെട്ടിയില്‍ നിന്നും കടയുടമ മുഹമ്മദ് മജിദ് പൈനാപ്പിള്‍ അടുക്കിവരുന്നതിനിടയിലാണ് ഏറ്റവും അടിയിലായി പാമ്പിനെ കണ്ടത്. ഉടന്‍തന്നെ പാമ്പിനെ ചാക്കിട്ട് മൂടിയശേഷം കടയ്ക്കു വെളിയിലേക്ക് ഇറങ്ങിയോടി.
സംഭവമറിഞ്ഞ് നാട്ടുകാരും സമീപത്തെ കടക്കാരുമെത്തി പാമ്പിരുന്ന പെട്ടി കടയ്ക്കു വെളിയില്‍ എത്തിച്ചു. പോലീസ് സ്ഥലത്തെത്തി ഫോറസ്റ്റ് അധികൃതരെ വിവരമറിയിച്ചതിനെ തുടര്‍ന്നു രാത്രിയോടെ റാന്നിയില്‍ നിന്നുള്ള വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഇതിനെ ചാക്കിലാക്കി കൊണ്ടുപോയി. പാമ്പിനെ പിടികൂടിയത് അറിഞ്ഞ് നിരവധിപേര്‍ തടിച്ച് കൂടിയതിനാല്‍ സംസ്ഥാന പാതിയില്‍ മണി്ക്കുറുകളോളം ഗതാഗതവും തടസപ്പെട്ടു. കായംകുളത്ത് നിന്നു കൊണ്ടുവന്ന പൈനാപ്പിള്‍ പെട്ടിയില്‍ അവിടെവച്ചുതന്നെ പാമ്പ് കയറിയതാകുമെന്ന് കടക്കാര് പറഞ്ഞു. നാലരയടിയോളം നീളവും നല്ല വണ്ണവുമുള്ള അണലി വിഭാഗത്തില്‍പ്പെട്ട പാമ്പാണ് പെട്ടിയില്‍ കടന്നു കൂടിയത്.