എരുമേലി: ഉൾവനത്തിൽ വിടാതെ എരുമേലിക്ക് സമീപം കരിമ്പിൻതോട് ജനവാസ മേഖലയിലെ വനാതിർത്തിയിൽ 35 മൂർഖൻ കുഞ്ഞുങ്ങളെ വനപാലകർ തുറന്നുവിട്ടെന്ന് നാട്ടുകാർ. പ്രതിഷേധവുമായി കുടുംബശ്രീ, അയൽക്കൂട്ടം യൂണിറ്റുകളിലെ നൂറുകണക്കിന് വീട്ടമ്മമാർ രംഗത്തെത്തി.
വനം വകുപ്പ് പിടിക്കുന്ന പാമ്പുകളിൽ മിക്കതിനെയും കരിമ്പിൻതോട് ഭാഗത്ത് വനാതിർത്തിയിലെ ജനവാസ മേഖലയിൽ ഉപേക്ഷിക്കുന്നത് മൂലം നാട്ടുകാരിൽ പലർക്കും പാമ്പുകടിയേൽക്കുകയാണെന്ന് പരാതികൾ നിലവിലുള്ളപ്പോഴാണ് 35 മൂർഖൻ പാമ്പ് കുഞ്ഞുങ്ങളെ ഇവിടേക്ക് തുറന്നു വിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് നാട്ടുകാരിൽ ഒരാൾ പാമ്പുകടിയേറ്റ് ചികിത്സ തേടിയത്.
മൂർഖൻ പാമ്പിന്റെ മുട്ടകളിൽ നിന്നു വിരിയിച്ചെടുത്ത 35 മൂർഖൻ പാമ്പിൻ കുഞ്ഞുങ്ങളെയാണ് കഴിഞ്ഞ ദിവസം വനപാലകർ തുറന്നുവിട്ടത്. ഇക്കഴിഞ്ഞ ഫെബ്രുവരി 15നു മറിയപ്പള്ളിയിലെ വീട്ടിൽനിന്നു കിട്ടിയ മൂർഖൻ പാമ്പിന്റെ 35 മുട്ടകളാണ് നാല്പത് ദിവസത്തോളം ഇൻക്യൂബേറ്ററിൽ വച്ച് വിരിയിച്ചെടുത്ത് തനിയെ ജീവിക്കാൻ പ്രാപ്തിയാക്കിയ ശേഷം വനമേഖലയിൽ തുറന്നുവിട്ടത്.
പാറമ്പുഴ ഫോറസ്റ്റ് കൺസർവേറ്റർ ഓഫീസിന്റെ മേൽനോട്ടത്തിലാണ് മുട്ടകളിൽ നിന്നു പാന്പിൻ കുഞ്ഞുങ്ങളെ വിരിയിച്ചെടുത്തത്. സംഭവത്തിൽ പ്രതിഷേധം ശക്തമായതോടെ നാട്ടുകാർ പരാതി തയാറാക്കി ഒപ്പ് ശേഖരണം ആരംഭിച്ചു. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫീസർ എൻ.വി. ജയകുമാർ അറിയിച്ചു.