പത്തനംതിട്ട: പാമ്പുകടിയേറ്റ് മരിച്ചെന്ന് സ്വകാര്യ ആശുപത്രിയിൽ വിധിയെഴുതിയ കുഞ്ഞിന്റെ ജീവൻ രക്ഷിച്ച കഥയാണ് പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഡോക്ടർമാർക്ക് പറയാനുള്ളത്. സംഭവം കഴിഞ്ഞ പൂജ അവധി സമയത്താണ്. സുൽത്താൻ ബത്തേരിയിൽ സ്കൂൾ വിദ്യാർഥിനി പാന്പുകടിയേറ്റു മരിച്ച സംഭവം വിവാദമായപ്പോഴാണ് ജനറൽ ആശുപത്രി ആർഎംഒ ഡോ. ആശിഷ് മോഹൻ ഈ വിവരം പുറത്തുവിട്ടത്.
പത്തനംതിട്ട ഓമല്ലൂരിൽ ഉഴുവത്ത് ക്ഷേത്രത്തിനു സമീപം വാടകയ്ക്കു താമസിക്കുന്ന രാജേഷിന്റെ നാലു വയസള്ള മകൻ കൃഷ്ണചന്ദിനാണ് പുലർച്ചെ ഉറക്കത്തിനിടെ പാമ്പുകടിയേൽക്കുന്നത്. പാമ്പിനെ മുറിയിൽ നിന്ന് കുട്ടിയുടെ മാതാവാണ് കണ്ടത്. പുതപ്പിനിടയിൽ കൂടി പാമ്പ് ചാടി പോകുന്നതു കണ്ടിരുന്നു. പിതാവിന് ഇരുകണ്ണിനും കാഴ്ചയില്ല. ലോട്ടറി കച്ചവടം ചെയ്താണ് ജീവിക്കുന്നത്.
അയൽവാസിയാണ് കുട്ടിയെ ആദ്യം നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പക്ഷേ, കുട്ടിയുടെ നില ഗുരുതരമായി. കുട്ടിയെ രക്ഷിക്കാൻ കഴിയല്ലെന്നും അവിടത്തെ ഡോക്ടർമാർ അറിയിച്ചു. ശ്വാസം നിലച്ച നിലയിലായിരുന്നു കുട്ടി. അവിടെ നിന്ന് കുഞ്ഞിനെ ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
അത്യാഹിത വിഭാഗത്തിലുണ്ടായിരുന്ന ഡോക്ടർ രതീഷ് ഫിസിഷ്യനായ മെഡിക്കൽ ഓഫീസർ നിഷാനയെ അത്യാഹിത വിഭാഗത്തിൽ വിളിച്ചു വരുത്തി. ഇവിടെ കുട്ടിക്ക് ആന്റിവെനം ചികിത്സ നൽകി കുട്ടി തനിയെ ശ്വസിക്കാമെന്ന അവസ്ഥയിലെത്തിയതോടെ വിദഗ്ധ ചികിൽസ നൽകുന്നതിനായി കോട്ടയം മെഡിക്കൽ കോളജിലേക്കു മാറ്റാൻ നിർദേശിക്കുകയായിരുന്നു.
ഡോ. നിഷാനയും അത്യാഹിത വിഭാഗത്തിലെ ജീവനക്കാരായ ജിൻസിയും ജയകൃഷ്ണനും ആശുപത്രിലെ ആംബുലൻസിൽ സമയം പാഴാക്കാതെ കുട്ടിയെ കോട്ടയം മെഡിക്കൽ കോളജിൽ എത്തിക്കുകയായിരുന്നു. ആബുലൻസിൽവച്ചു ആന്റിവെനം നൽകി. കുട്ടി അപകട നില തരണം ചെയ്തെന്ന് ഡോക്ടർമാർ പറഞ്ഞതിന് ശേഷമാണ് ഇവർ മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് മടങ്ങിയത്.
അഞ്ച് ദിവസം കുട്ടി മെഡിക്കൽ കോളജിലെ കുട്ടികളുടെ ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിഞ്ഞു. ജനറൽ ആശുപത്രിയിലെ ഡോക്ടർമാർക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ലെന്ന് കുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു.മൂന്നു മാസത്തിനിടെ 29 പേർ പാമ്പുകടിയേറ്റ് ജനറൽ ആശുപത്രിയിൽ ചികിത്സ തേടി വന്നിരുന്നു. ഇതിൽ 10 പേർ വിഷപാന്പിന്റെ കടിയേറ്റവരാണ്. ബാക്കിയുള്ളവരെ വിഷം ഇല്ലാത്ത ചേര പോലെയുള്ള പാമ്പാണ് കടിച്ചത്. ജനറൽ ആശുപത്രിയിലും മറ്റ് താലൂക്ക് ആശുപത്രികളിലും ചികിത്സയ്ക്കുള്ള ആന്റിവെനം സ്റ്റോക്കുണ്ട്.