നടുക്കഷണം തിന്നുമ്പോള്‍ മൂര്‍ഖന്റെ തന്നെയായാല്‍ എന്താണ് കുഴപ്പം ! ധൈര്യശാലികളെ കാത്തിരിക്കുന്നത് പാമ്പ് രൂചികളുടെ വിസ്മയ ലോകം; വിയറ്റ്‌നാമിലെ പാമ്പ് റസ്റ്റോറന്റിലെ അകകാഴ്ചകള്‍ ഇങ്ങനെ…

പാമ്പിനെ തിന്നുന്ന നാട്ടില്‍ ചെന്നാല്‍ നടുക്കഷണം തിന്നണമെന്ന് പറയാറുണ്ട്. ഇങ്ങനെ പാമ്പിനെ തിന്നാന്‍ ആഗ്രഹമുള്ളവര്‍ക്ക് പറ്റിയ ഇടമാണ് വിയറ്റ്‌നാം. ലോകത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നായ വിയറ്റ്‌നാമില്‍ ഇത്തരം നിരവധി റസ്റ്ററന്റുകളുണ്ട്. നടുക്കഷ്ണം മാത്രമല്ല തൊലി വരെ ഉപയോഗിച്ച് കിടുക്കന്‍ ഭക്ഷണമുണ്ടാക്കിത്തരും, വിയറ്റ്നാമിലെ ഈ ഹോട്ടല്‍. ഹാനോയ്ക്കടുത്തുള്ള ങ്ങുയെന്‍ വാന്‍ ദുക് ആണ് പാമ്പ് വിഭവങ്ങള്‍ ആസ്വദിക്കാനായി ഇവിടെയെത്തുന്നവര്‍ക്ക് പരീക്ഷിക്കാവുന്ന ഏറ്റവും മികച്ച ഹോട്ടല്‍.

ഇരുപതു വര്‍ഷമായി ഇവിടേക്ക് സഞ്ചാരികള്‍ എത്തുന്നു. വിയറ്റ്‌നാമിന്റെ തനതു പാചക ശൈലി തന്നെയാണ് പാമ്പു വിഭവങ്ങള്‍ക്കും ഇവര്‍ ഉപയോഗിക്കുന്നത്. പാമ്പുവിഭവങ്ങള്‍ രുചിക്കാന്‍ പോകുമ്പോള്‍ മൂക്കിലേക്ക് ആദ്യം വരുന്നത് ഫ്രഷ് തുളസിയിലയുടെയും വെളുത്തുള്ളിയുടെയും ഫിഷ് സോസിന്റെയും ഗന്ധമാണ്. സാഹസികരായ ഭക്ഷണപ്രിയര്‍ക്ക് ഒറ്റയടിക്കു വിഴുങ്ങാനായി പാമ്പിന്റെ ഹൃദയവും ഇവിടെ കിട്ടും! ഇവിടെ മെനു ഇല്ല എന്നതാണ് മറ്റൊരു പ്രത്യേകത.

കടന്നു ചെല്ലുമ്പോള്‍ത്തന്നെ ഏതുതരം പാമ്പിനെ വേണമെന്നു സ്വയം തീരുമാനിക്കാം. ഉടന്‍ അവര്‍ അതിനെ കശാപ്പു ചെയ്യും. പിന്നെ അടുക്കളയിലേക്കു കൊണ്ടു പോയി വെട്ടി തുണ്ടംതുണ്ടമാക്കി മുറിക്കുന്നു. തൊലി ചീളുകളാക്കി എണ്ണയിലിട്ടു വറുക്കുന്നത് ഇവിടെ സ്ഥിരമാണ്. ഒരു മൂര്‍ഖനെ കൊന്നാല്‍ ആറു മുതല്‍ എട്ടു വരെ പേര്‍ക്കു സുഖമായി കഴിക്കാനുള്ളത്ര ഇറച്ചി കിട്ടും. ഏകദേശം 4300 രൂപ വരും ഇതിന്റെ വില.

പണ്ടു തലവേദനയ്ക്കു മരുന്നായി വിയറ്റ്നാമിലെ ആളുകള്‍ പാമ്പിന്റെ രക്തം ഉപയോഗിച്ചിരുന്നത്രേ. പാമ്പിന്റെ പിത്തരസം തൊണ്ടയ്ക്കും അസ്ഥിസംബന്ധമായ രോഗങ്ങള്‍ക്കും നല്ലതാണെന്നും ഇവര്‍ വിശ്വസിച്ചിരുന്നു. പാമ്പിറച്ചി കഴിക്കുന്നത് ചിലരില്‍ അലര്‍ജി പോലെയുള്ള അവസ്ഥകള്‍ ഉണ്ടാക്കാം. എന്നാല്‍ തങ്ങള്‍ ഈ റസ്റ്ററന്റ് ആരംഭിച്ച കാലം മുതല്‍ ഇവിടെനിന്നു പാമ്പ്ു വിഭവങ്ങള്‍ കഴിച്ച ആര്‍ക്കും കുഴപ്പമൊന്നും ഉണ്ടായിട്ടില്ലെന്ന് ങ്ങുയെന്‍ വാന്‍ ദുക്കിലെ ജീവനക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു. എന്തും ചെയ്യുന്ന മലയാളികള്‍ പക്ഷെ ഇതിനു ധൈര്യം കാട്ടുമോയെന്ന് സംശയമാണ്.

Related posts