തിരിച്ചു കടിക്കാത്ത എന്തിനെയും തിന്നുമെന്ന് മലയാളികൾ പറയുമ്പോഴും വിയറ്റ്നാമിലെ ഈ ഭക്ഷണ രീതി അൽപം കടുപ്പം തന്നെ. സ്നേക് ത്രോസ്, ഡീപ് ഫ്രൈഡ് സ്നേക്, സ്നേക് ബേക്ക്ഡ്, സ്നേക് ഗ്രിൽഡ് എന്നിവ ലോകം മുഴുവൻ പ്രശസ്തമാണ്. പാമ്പുകളെ രുചിയോടെ ഭക്ഷിക്കാൻ വിദേശികൾ ധാരാളം എത്തുന്ന വിയറ്റ്നാമിലെ ഹാനോയി പാമ്പുവിഭവങ്ങൾക്ക് ഏറെ പ്രശംസമാണ്.
ഇവിടുത്തെ റസ്റ്റോറന്റുകളുടെ പ്രത്യേകത ഭക്ഷിക്കാനുള്ള പാമ്പിനെ അവരവർക്ക് തിരഞ്ഞെടുക്കാവുന്നതാണ്. വലുപ്പമനുസരിച്ചാണ് വില. ഒരെണ്ണത്തിന് ഏകദേശം 1800 രൂപയോളമൊക്കെ ചെലവ് വരും.
പാചകം ചെയ്യാനായി കൊല്ലുന്ന ജീവിയുടെ രക്തവും പിത്തരസവും വെവ്വേറേ ഗ്ലാസ്സുകളിൽ ശേഖരിക്കുകയും അവ വോഡ്കയുമായി യോജിപ്പിച്ചതിനു ശേഷം ആവശ്യക്കാർക്ക് കുടിക്കാനായി നൽകും. അതുപോലെതന്നെ പാമ്പിന്റെ രക്തത്തിൽ കുതിർന്ന ഹൃദയവും മദ്യത്തിൽ യോജിപ്പിച്ചു കഴിക്കാനായി നൽകുന്നതും മറ്റൊരു പ്രത്യേകതയാണ്.
ഭക്ഷണം കഴിക്കാൻ വിദേശികൾ മാത്രം എത്തുന്ന ഇവിടെ വിസ, മാസ്റ്റർകാർഡ് എന്നിവയൊക്കെ ഈ റെസ്റ്റോറന്റുകളിൽ സ്വീകരിക്കുന്നതാണ്. ഭക്ഷണം കഴിക്കാൻ എത്തുന്നവർക്ക് തങ്ങൾക്കു കഴിക്കാൻ താല്പര്യമുള്ള ഏതു ജീവിയുടെ മാംസം തിരഞ്ഞെടുക്കാവുന്നതാണ്.
അതിനായി റെസ്റ്റോറന്റിന് ചുറ്റും കൂടുകളിൽ പന്നി, കീരി, മരപ്പട്ടി, കുതിര, പ്രാവ്, വിവിധയിനം പക്ഷികൾ, മുയലുകൾ, തുടങ്ങി എണ്ണമറ്റ ജീവികളെ ജീവനോടെ സൂക്ഷിച്ചിട്ടുണ്ട്.