അടിമാലി: സ്ഥിരമായി പാന്പുകടിയേൽക്കുന്ന ഒരാളുണ്ട് അടിമാലിയിൽ. കളരിക്കൽ സദാശിവനാണ് ഈ അദ്ഭുതമനുഷ്യൻ. ജീവിതത്തിൽ ഇതുവരെ മുപ്പതിലധികം തവണ സദാശിവനെ പാന്പ് കടിച്ചിട്ടുണ്ട്. അവസാനമായി കഴിഞ്ഞ ക്രിസ്മസിനു രണ്ടുദിവസം മുന്പ് സദാശിവനെ പാന്പു കടിച്ചു.
വിഷമില്ലാത്ത പാന്പുകൾമുതൽ ഉഗ്രവിഷമുള്ള മൂർഖൻ പാന്പുകൾവരെ തന്നെ കടിക്കാൻ തേടിയെത്തുമെന്ന് സദാശിവൻ പറയുന്നു. പാന്പിനേയും പാന്പുകടിയേയുമിപ്പോൾ ഭയമില്ലെങ്കിലും സ്ഥിരമായി പാന്പുകടിയേൽക്കുന്നതിന്റെ ശാരീരിക വിഷമതകൾ ഉണ്ടെന്ന് സദാശിവൻ പറഞ്ഞു.
ഓരോതവണ പാന്പുകടിയേൽക്കുന്പോഴും സദാശിവനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നത് അടിമാലി ഇരുന്പുപാലത്തുള്ള ഡോ. അബ്ദുൾ സലിമിന്റെ വിഷചികത്സയാണ്.
ശാരീരിക പ്രത്യേകതകളാണ് പാന്പുകളെ സദാശിവനിലേക്ക് ആകർഷിച്ച് പാന്പുകടിയേൽക്കാൻ ഇടവരുത്തുന്നതെന്ന് ഡോ. അബ്ദുൾ സലിം പറഞ്ഞു. അഞ്ചോ ആറോ വർഷംമുന്പാണ് ആദ്യമായി തന്നെ പാന്പ് കടിച്ചതെന്നാണ് സദാശിവന്റെ ഓർമ.
പച്ചമരുന്നുകളും വിഷക്കല്ലുകളുമാണ് പാന്പുകടിയേൽക്കുന്പോഴുള്ള ചികിത്സ. ഓരോതവണ കടിയേൽക്കുന്പോഴും കഴിഞ്ഞകാല അനുഭവങ്ങളിൽനിന്ന് മനസ് കൈവരിച്ച ആത്മബലമാണ് ചികിത്സക്കൊപ്പം സദാശിവനെ ജീവിതത്തിലേക്ക് തിരികെ നടത്തുന്നത്.