ഉപ്പുതറ: നാലുദിവസം വീട്ടുകാരുടേയും അയൽക്കാരുടേയും ഉറക്കംകെടുത്തിയ രണ്ടു മൂർഖൻ പാന്പുകളെ പിടികൂടി വനത്തിൽ വിട്ടു. അയ്യപ്പൻകോവിൽ പനയ്ക്കൽവളവിൽ മഠത്തിനകത്ത് ബിജുവിന്റെ വീട്ടുമുറ്റത്തും പരിസരത്തുമാണ് പാന്പുകൾ കൂടിയിരുന്ന് നാട്ടുകാരെ നാലു ദിവസം പരിഭ്രാന്തരാക്കിയത്.
വ്യാഴാഴ്ച പകൽ വീട്ടുമുറ്റത്തെത്തി ഇണചേർന്നശേഷം സമീപത്തെ കാട്ടിലൊളിച്ച പാന്പുകൾ പിറ്റേദിവസവും ഇതേസമയത്തെത്തി. ശനിയാഴ്ച പകൽ മുറ്റത്തുവന്ന പാന്പുകൾ വൈകുന്നേരത്തോടെ പിൻഭാഗത്തെ കൽകെട്ടിന്റെ മാളത്തിൽ കയറി. നാട്ടുകാർചേർന്ന് മാളം വലകെട്ടിയടച്ചശേഷം പാന്പുപിടിത്തത്തിൽ വിദഗ്ധനായ കട്ടപ്പന അഗ്രോ കെമിക്കൽ ഉടമ ഷുക്കൂറിനെയും വനംവകുപ്പ് ഉദ്യോഗസ്ഥരേയും വിവരമറിയിച്ചു.
ഞായറാഴ്ച കൽകെട്ട് പൊളിച്ച് നാലുമണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിൽ വൈകുന്നേരം അഞ്ചോടെ മൂർഖൻ പാന്പുകളെ പിടികൂടി കാഞ്ചിയാർ റേഞ്ച് ഓഫീസിലെത്തിച്ചു. പുല്ലാനി ഇനത്തിൽപെട്ട എട്ടും അഞ്ചും വയസുള്ള പാന്പുകളെ വനംവകുപ്പ് അഞ്ചുരുളി വനത്തിൽ തുറന്നുവിട്ടു.