വാഴക്കുളം: പെരുന്പാന്പുകൾ നാട്ടുകാർക്ക് ഭീഷണിയാകുന്നു. ആവോലി മേഖലയിൽനിന്ന് അടുത്തയിടെ മൂന്ന് പെരുന്പാന്പുകളെയാണ് നാട്ടുകാർ പിടികൂടി വനം വകുപ്പിനു കൈമാറിയത്. ചൊവ്വാഴ്ച രാവിലെ പൈനാപ്പിൾ തോട്ടത്തിലാണ് പെരുന്പാന്പിനെ കണ്ടത്.
വള്ളിക്കട വട്ടത്തോട്ടത്തിൽ ജിമ്മിയുടെ തോട്ടത്തിൽനിന്നാണ് 15 കിലോയോളം തൂക്കമുള്ള പെരുന്പാന്പിനെ പ്രദേശവാസികളായ കൊച്ചുപ്ലാക്കൽ മനോജ്, സേവി തോമസ് എന്നിവർ ചേർന്ന് പിടികൂടിയത്. മുട്ടം വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പാന്പിനെ ഏറ്റുവാങ്ങി വനമേഖലയിൽ തുറന്നുവിട്ടു. ഇന്നലെയും ഇതിനു സമീപത്തുനിന്നു പാന്പിനെ പിടികൂടിയതാണ് നാട്ടുകാരിൽ ഭീതിയുളവാക്കിയിരിക്കുന്നത്.
നടുക്കര സ്വദേശി അജി കാഞ്ഞിരംകുന്നേലിന്റെ വീടിന് സമീപം തോട്ടിൽ മീൻ പിടിക്കാൻ ഇട്ടിരുന്ന ഉടക്കുവലയിൽ പാന്പ് കുടുങ്ങിക്കിടക്കുകയായിരുന്നു. ഇതിനെയും വനം വകുപ്പ് ഉദ്യോഗസ്ഥർ ഏറ്റെടുത്തു. ഏതാനും ആഴ്ചകൾക്കു മുന്പ് പരീക്കപ്പീടിക കവലയിൽ 15 കിലോ വരുന്ന പെരുന്പാന്പിനെ പിടികൂടിയിരുന്നു.
നടുറോഡിൽ കിടക്കുകയായിരുന്ന പെരുന്പാന്പിനെയാണ് നാട്ടുകാർ പിടികൂടിയത്. മലവെള്ളത്തിൽ വനത്തിൽനിന്ന് വരുന്ന പാന്പുകൾ പുഴയുടെ തീരങ്ങളിൽ കയറുന്നതായാണ് കരുതുന്നത്.