കോഴിക്കോട്: മലപ്പുറം കൊണ്ടോട്ടിയില്‍നിന്ന് രണ്ടു കോടി വിലവരുന്ന പാമ്പിന്‍വിഷം പിടികൂടിയ കേസ് കൂടുതല്‍ അന്വേഷണത്തിനായി വനം വകുപ്പിന് കൈമാറും.
ഇന്ന് കോടതി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷമായിരിക്കും കേസ് വനംവകുപ്പിനു കൈമാറുക. കൊണ്ടോട്ടി പോലീസാണ് ഇന്നലെ വൈകിട്ട് കൊണ്ടോട്ടിയിലെ ഒരു ലോഡ്ജില്‍ വച്ച് പാമ്പിന് വിഷം പിടികൂടിയത്.
മുന്‍ പഞ്ചായത്ത് പ്രസിഡന്റ് അടക്കം മൂന്നുപേരെ പോലീസ് പിടികൂടിയിരുന്നു.പത്തനംതിട്ട കോന്നി അതുമ്പുംകുളം സ്വദേശി ശ്രീമംഗലം വീട്ടില്‍ പ്രദീപ് നായര്‍ (62), കോന്നി ഇരവോണ്‍ സ്വദേശി പാഴൂര്‍ പുത്തന്‍വീട്ടില്‍ ടി.പി.കുമാര്‍ (63), തൃശൂര്‍ കൊടുങ്ങല്ലൂര്‍ മേത്തല സ്വദേശി വടക്കേവീട്ടില്‍ ബഷീര്‍ (58) എന്നിവരാണ് അറസ്റ്റിലായത്.
പത്തനംതിട്ട അരുവാപുരം പഞ്ചായത്ത് മുന്‍ പ്രസിഡന്റാണ് ടി.പി.കുമാര്‍. പിടിയിലായവരില്‍ ഒരാള്‍ റിട്ട.അധ്യാപകനാണ്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊണ്ടോട്ടിയിലെ ഒരു ലോഡ്ജില്‍ വച്ചാണ് ഇവര്‍ പോലീസിന്റെ പിടിയിലായത്.
ഇവരില്‍ നിന്ന് ഒരു ഫ്ളാസ്കില്‍ ഒളിപ്പിച്ച നിലയില്‍ പാമ്പിന് വിഷവും കണ്ടെടുത്തിട്ടുണ്ട്. മലപ്പുറത്ത് വില്പന നടത്തുന്നതിനുവേണ്ടിയാണ് ഇവര്‍ ലോഡ്ജില്‍ തമ്പടിച്ചിരുന്നത്.
ഇവര്‍ക്ക് മലപ്പുറത്തുനിന്നുള്ള ഒളാളാണ് വിഷം എത്തിച്ചതെന്നതിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഇയാള്‍ക്കുവേണ്ടി അന്വേഷണം നടത്തിവരികയാണ്.
മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത്ദാസിനാണ് ഇതുമായി ബന്ധപ്പെട്ട രഹസ്യ വിവരം ലഭിച്ചത്. ഉടനെ തന്നെ കൊണ്ടോട്ടി എഎസ്പി വിജയ്ഭാരത് റെഡ്ഡിയുടെ നേതൃത്വത്തില്‍ ലോഡ്ജ് വളയുകയായിരുന്നു.
കൊണ്ടോട്ടി എസ്ഐ ഫസല്‍ റഹ്മാനും ആന്റി നര്‍കോർട്ടിക് സ്പെഷല്‍ ആക്ഷന്‍ ഫോഴ്സ് ടീമംഗങ്ങളും േചര്‍ന്നാണ് പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്.
സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളില്‍ ഈ സംഘം പാമ്പിന് വിഷം വില്പന നടത്തിയതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇതേക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുന്നതിനാണ് കേസ് വനംവകുപ്പിനു കൈമാറുന്നത്. പാമ്പിന് വിഷം വില്‍ക്കുന്ന സംഘങ്ങള്‍ സംസ്ഥാനത്ത് സജീവമായതായി വിവരമുണ്ട്