കാലവർഷക്കാലം ഇഴജന്തുക്കളെ പേടിക്കേണ്ട സമയം കൂടിയാണ്. പെരുമഴയത്ത് കാടുകളിൽനിന്നും പൊത്തുകളിൽനിന്നും വിഷപ്പാമ്പുകളും മറ്റും പുറത്തേക്കിറങ്ങും.
അവ ജനവാസമേഖലകളിലേക്കു മാത്രമല്ല, വീടുകളിൽവരെ എത്തും. രാത്രികാലങ്ങളിലെത്തുന്ന ഇവ എവിടെയാണു പതുങ്ങുക എന്നു പറയാൻ പറ്റില്ല. വീടിനുള്ളിലെത്തിയാൽ ഷൂവിനുള്ളിലും കിടക്കയ്ക്കടിയിലും അടുക്കളയിൽ പാത്രങ്ങൾക്കുള്ളിലും വരെ ഇഴജന്തുക്കൾ കയറിക്കൂടും.
കഴിഞ്ഞദിവസം മധ്യപ്രദേശിലെ ഇൻഡോറിൽനിന്നു പങ്കുവയ്ക്കപ്പെട്ട വീഡിയോ ഇത്തരത്തിൽ പേടിപ്പെടുത്തുന്ന ഒന്നാണ്. ഒരു വീടിന് മുന്നില്‍ വച്ച സ്കൂട്ടറിന്റെ ഹാന്റില്‍ കവറിനുള്ളില്‍നിന്ന് ഒരു മൂര്‍ഖനെ പുറത്തെടുക്കുന്നതാണു വീഡിയോയിലുള്ളത്.
പാമ്പുപിടിത്തക്കാരനായ രാജേഷ് ആണു ഇന്‍സ്റ്റാഗ്രാമിൽ വീഡിയോ പങ്കുവച്ചത്. സ്കൂട്ടറിന്റെ ഹാന്റില്‍ കവര്‍ ഊരിമാറ്റി ഏറെ പരിശ്രമത്തിനുശേഷമാണു പാമ്പിനെ പുറത്തെടുത്തത്.
13 ലക്ഷത്തിലേറെ പേരാണു വീഡിയോ ഇതിനകം കണ്ടത്. വീഡിയോ കണ്ടശേഷം ഇരുചക്ര വാഹനങ്ങള്‍ ഓടിക്കാന്‍ ഭയം തോന്നുന്നെന്നു ചിലരെഴുതി.