ചങ്ങരംകുളം: കനത്ത വരൾച്ചയിൽ ഭൂമി ചുട്ടു പൊള്ളുന്പോൾ ഇഴജന്തുക്കൾക്കു ദാഹജലം നൽകി കൈപ്പുറം അബ്ബാസ് ശ്രദ്ധേയനാകുന്നു. കനത്ത ചൂടിനെത്തുടർന്നു മാളങ്ങൾ വിട്ടു ജനവാസ കേന്ദങ്ങളിലെത്തുന്ന പാന്പുകൾക്കു ദാഹജലം നൽകുകയാണ് പാന്പുപിടിത്ത വിദഗ്ധനായ അബ്ബാസ്. 29 വർഷമായി അബ്ബാസ് ഈ രംഗത്തുണ്ട്.
കഴിഞ്ഞ ഏതാനും ആഴ്ചകൾക്കുള്ളിൽ പലർക്കും പ്രദേശത്ത് പാന്പിന്റെ കടിയേറ്റിരുന്നു. കഴിഞ്ഞ ദിവസം പാവിട്ടപ്പുറം സ്വദേശിനിയായ മുപ്പത്തിയഞ്ചുകാരി കിണറ്റിൻകരയിൽ പാന്പിന്റെ കടിയേറ്റു മരിച്ചിരുന്നു. പാന്പുകൾ ഉപദ്രവകാരികളെല്ലെന്നും കനത്തചൂടിനെ അതിജീവിക്കാനും ദാഹജലം തേടിയുമാണ് ഇവ ജനവാസകേന്ദങ്ങളിൽ എത്തുന്നതെന്നാണ് അബ്ബാസ് പറയുന്നത്.
പാന്പുകൾ വെള്ളം കിട്ടാതെ വലയുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് അബ്ബാസ് ഇവയ്ക്കു വെള്ളം നൽകാൻ തുടങ്ങിയത്. പാന്പിനെ പിടികൂടാൻ എത്തുന്ന അബ്ബാസിന്റെ കയ്യിൽ ഒരു കുപ്പി വെള്ളം ഉണ്ടാകാറുണ്ട്. പിടികൂടുന്ന പാന്പുകൾക്ക് ദാഹം തീരും വരെ വെള്ളം നൽകിയാണ് അബ്ബാസ് ഇവയെ കാട്ടിലേക്കു മടക്കി അയക്കുന്നത്.