മുക്കം: സ്കൂളിൽ വച്ച് പാമ്പുകടിയേറ്റ വിദ്യാർഥിനി ചികിത്സ തേടി. ചേന്ദമംഗല്ലൂർ ഗവ:യുപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനി സി.പി.ലനക്കാണ് ക്ലാസ് മുറിയിൽ നിന്ന് പാമ്പ് കടിയേറ്റത്.
ഉടൻ തന്നെ അധ്യാപകർ ആശുപത്രിയിലെത്തിച്ചതിനാൽ വിദ്യാർഥിനി രക്ഷപ്പെടുകയായിരുന്നു. പാമ്പ് കടിയേറ്റ ഉടനെ ഒപ്പമുണ്ടായിരുന്ന വിദ്യാർഥികൾ അധ്യാപകരെ വിവരമറിയിക്കുകയായിരുന്നു. അധ്യാപകരെത്തി പാമ്പിനെ പിടികൂടി.
വിദ്യാർഥിനിയെ ആദ്യം മുക്കത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു .കടിച്ച പാമ്പ് സ്കൂളിന് സമീപത്തെ മരത്തിന്റെ മുകളിലൂടെ കയറി ക്ലാസ്സിലെത്തിയതായിരുന്നു എന്നാണ് കരുതുന്നത് .
തിങ്കളാഴ്ച്ച രാവിലെ സ്കൂളിൽ നടക്കുന്ന എൽഎസ്എസ് പരീക്ഷയുടെ പരിശീലനവുമായി ബന്ധപ്പെട്ട് വിദ്യാർഥിനി നേരത്തെ ക്ലാസിലെത്തി വാതിൽ തുറക്കുന്നതിനിടയിൽ 8.45 ഓടെയാണ് കടിയേറ്റത്.
കടിച്ച പാമ്പിനെയും പിടികൂടി മെഡിക്കൽ കോളജിലെത്തിച്ചിരുന്നു. 24 മണിക്കൂർ നിരിക്ഷണത്തിന് ശേഷം വിദ്യാർഥിനിയെ ചൊവ്വാഴ്ച രാവിലെ പത്തിന് ഡിസ്ചാർജ്ജു ചെയ്തു.