‘ഈ പാമ്പാണ് സാറേ കടിച്ചത്… ഉടന് ചികിത്സിക്കൂ…’ തന്നെ കടിച്ച ഉഗ്രവിഷമുള്ള മൂര്ഖനെ പ്ലാസ്റ്റിക് ഭരണിയിലാക്കി ആശുപത്രിയിലെത്തിയ യുവാവ് ഡോക്ടര്മാരോടു പറഞ്ഞു. പാന്പുമായെത്തിയ യുവാവിനെ കണ്ട് അത്യാഹിത വിഭാഗത്തിലെ ഡോക്ടര്മാര് ആദ്യം അമ്പരന്നെങ്കിലും പെട്ടെന്നുതന്നെ ചികിത്സ നൽകി.
ഉത്തര്പ്രദേശിലെ ലഖിംപുര് ഖേരി ജില്ലയിലാണു സംഭവം. സമ്പൂര്ണനഗര് പോലീസ് സ്റ്റേഷന് പരിധിയിലെ താമസക്കാരനായ ഹരിസ്വരൂപാണ് തന്നെ കടിച്ച പാന്പുമായി ആശുപത്രിയിലെത്തിയത്. വീട്ടില് ചില്ലറ ജോലികളിലേര്പ്പെട്ടിരിക്കുമ്പോഴാണു യുവാവിന്റെ കൈയില് മൂര്ഖന് കടിച്ചത്.
കടിച്ച പാമ്പ് ഏത് ഇനത്തിൽപ്പെട്ടതാണെന്നു തിരിച്ചറിയാന് കഴിഞ്ഞാൽ വേഗത്തില് ഉചിതമായ ചികിത്സ നല്കാന് ഡോക്ടർമാർക്ക് സാധിക്കുമെന്നു മനസിലാക്കിയിരുന്ന ഹരിസ്വരൂപ് മൂര്ഖനെ തന്ത്രപൂര്വം പിടികൂടുകയും പ്ലാസ്റ്റിക് ഭരണിയിലാക്കുകയുമായിരുന്നു.
മാത്രമല്ല, കടിയേറ്റ ഭാഗത്തുനിന്നു രക്തം പുറത്തേക്കൊഴുക്കുകയും വിഷം ശരീരത്തിലെ മറ്റു ഭാഗങ്ങളിലേക്കു പടരാതെ തുണികൊണ്ടു കെട്ടുകയും ചെയ്തു. ഉടന്തന്നെ പാന്പുമായി ആശുപത്രിയിലുമെത്തി.
എക്സില് പ്രചരിക്കുന്ന ഇതിന്റെ വീഡിയോയിൽ ഹരിസ്വരൂപ് ആശുപത്രിയില് എത്തുന്നതും പ്ലാസ്റ്റിക് ഭരണിയില് മൂര്ഖന് പത്തിവിടര്ത്തിനില്ക്കുന്നതും ഇയാൾക്കു ചികിത്സ നൽകുന്നതും കാണാം. യഥാസമയം ചികിത്സ ലഭിച്ച യുവാവ് അപകടനില തരണം ചെയ്തെന്നാണു റിപ്പോർട്ട്.