ഛത്തീസ്ഗഡ്: ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിന്റെ പത്രസമ്മേളനത്തിനിടെ അപ്രതീക്ഷിതമായി ഒരു അതിഥി എത്തി. അതിഥിയെക്കണ്ട് മുഖ്യമന്ത്രി ഉൾപ്പെടെ എല്ലാവരും ഭയന്നുപോയി. ക്ഷണിക്കപ്പെടാതെ എത്തിയ അതിഥി മറ്റാരുമല്ല, ഒരു പാമ്പ്.
മുഖ്യമന്ത്രി മാധ്യമങ്ങളോടു സംസാരിക്കുന്നതിനിടെയാണ് പാമ്പ് പ്രത്യക്ഷപ്പെട്ടത്. പാമ്പിനെ കണ്ട് പരിഭ്രാന്തരായ ആളുകൾ പാമ്പിനെ ആക്രമിക്കുകയും കൊല്ലാൻ ശ്രമിക്കുകയും ചെയ്തു.
പക്ഷേ, ഭൂപേഷ് ബാഗേൽ പാമ്പിനെ ആക്രമിക്കുന്നതിൽനിന്ന് അവരെ തടയുകയും അതിനെ വിട്ടയയ്ക്കാൻ ആവശ്യപ്പെടുകയും പാമ്പിനെ കൊല്ലരുതെന്ന് അഭ്യർഥിക്കുകയുമാണ് ചെയ്തത്. തുടർന്നു പാമ്പിനെ പിടികൂടി പ്ലാസ്റ്റിക് ബാഗിലാക്കി സ്ഥലത്തുനിന്നു മാറ്റി.
ഇതിന്റെ വീഡിയോ പുറത്തുവന്നതോടെ മൃഗങ്ങളോടുള്ള സ്നേഹത്തിൽ ബാഗലിനെ പ്രശംസിച്ച് ധാരാളം പേർ രംഗത്തെത്തി. വിഷമില്ലാത്ത “പിർപ്പിട്ടി’ ഇനത്തിൽപ്പെട്ട പാമ്പാണ് പത്രസമ്മേളനത്തിലേക്ക് ഇഴഞ്ഞെത്തിയത്.
നമ്മുടെ നാട്ടിൽ സാധാരണ കണ്ടുവരുന്ന നീർക്കോലി പാമ്പിനോട് വേണമങ്കിൽ പിർപ്പിട്ടിയെ ഉപമിക്കാം. ചെറിയ ഇനം തവളകളാണ് ഇതിന്റെ പ്രധാന ഭക്ഷണം.