വൈപ്പിന്‍: വീട്ടുപടിക്കല്‍ ഭീമന് പെരുമ്പാമ്പിനെ കണ്ട് വീട്ടുകാര്‍ ഞെട്ടിവിറച്ചു. തെരുവു നായയെ വിഴുങ്ങിക്കൊണ്ടിരിക്കുന്നതിനിടയിലാണ് വീട്ടുകാര്‍ പാമ്പിനെ കണ്ടത്.
ഇന്ന് രാവിലെ തെക്കന്‍മാലിപ്പുറം സ്റ്റോപ്പിനു പടിഞ്ഞാറു ഭാഗത്തുളള കളത്തിപ്പറമ്പില്‍ ലൂസിയുടെ വീടിന്റെ ഗേറ്റിനു പുറത്താണ് സംഭവം. രാവിലെ എഴുന്നേറ്റ വീട്ടമ്മ ഗേറ്റിനുപുറത്ത് എന്തോ പുളഞ്ഞു മറിയുന്നത് കണ്ട് ചെന്ന് നോക്കിയപ്പോള്‍ പാമ്പ് നായയെ വിഴുങ്ങുന്നതാണ് കണ്ടത്.
വാലും കാലിന്റെ ഭാഗവും അപ്പോഴേക്കും അകത്താക്കി കഴിഞ്ഞിരുന്നു. ബഹളംവച്ച് ആളുകൂടിയപ്പോള്‍ പാമ്പ് മെല്ലെ ഇഴഞ്ഞ് തൊട്ടടുത്ത ചതുപ്പിലേക്ക് പോയി.
സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പഞ്ചായത്ത് പ്രസിഡന്റ് പോലീസിലും ഫോറസ്റ്റിലും വിവരം അറിയിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം ഇവരുടെ വീട്ടിലെ പൂച്ചയെയും കാണാതായിരുന്നു. അതും പാന്പ് വിഴുങ്ങിയതെന്നാണ് സംശയം.