മട്ടാഞ്ചേരി: നിരവധി കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന മട്ടാഞ്ചേരിയിലെ ജനവാസ കേന്ദ്രത്തിൽനിന്നു മലമ്പാമ്പിനെ പിടികൂടി. മട്ടാഞ്ചേരി ലോബോ കവലയിലെ ഫ്ളാറ്റ് സമുച്ചയത്തിന് സമീപത്ത് ഇന്നലെ ഉച്ചയോടെയാണ് 16 അടിയോളം നീളം വരുന്ന പാമ്പിനെ പരിസരവാസികൾ കണ്ടത്. പഴയ മരഉരുപ്പടികൾക്കിടയിൽ ഇരവിഴുങ്ങിയ നിലയിൽ കിടക്കുകയായിരുന്നു പാന്പ്.
പാണ്ടിക്കുടി ആനകെട്ടുപറമ്പിൽ ദിനേശ് ഡി. പൈയെന്ന യുവാവെത്തിയാണ് പാന്പിനെ ചാക്കലാക്കിയത്. പാമ്പിനെ മട്ടാഞ്ചേരി അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരെ ഏൽപിക്കാൻ ശ്രമിച്ചെങ്കിലും സൂക്ഷിക്കാൻ സൗകര്യമില്ലന്നറിയിച്ചതോടെ കോടനാട് വനംവകുപ്പിനെ വിവരം അറിയിച്ചു. വൈകിട്ടോടെ അധികൃതരെത്തി പാമ്പിനെ കൊണ്ടുപോയി വനത്തിൽ വിട്ടു.