ബംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 55 പെരുമ്പാമ്പുകൾ, 17 രാജവെമ്പാലകൾ, ആറ് കപ്പുച്ചിൻ കുരങ്ങുകൾ എന്നിവയെ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.
പെരുമ്പാമ്പുകളും മൂർഖൻ പാമ്പുകളും ജീവനോടെയാണ് കണ്ടെടുത്തത്. കുരങ്ങുകളെ ചത്ത നിലയിലുമാണ് കണ്ടെത്തിയത്.
ബുധനാഴ്ച രാത്രി 10.30ന് ബെംഗളൂരു വിമാനത്താവളത്തിൽ ഇറങ്ങിയ ബാങ്കോക്കിൽ നിന്നുള്ള എയർ ഏഷ്യ വിമാനത്തിലാണ് (ഫ്ലൈറ്റ് നമ്പർ എഫ്ഡി 137) മൃഗങ്ങളെ ബാഗേജിൽ നിറച്ചതെന്ന് ബെംഗളൂരു കസ്റ്റംസിന്റെ പ്രസ്താവനയിൽ പറയുന്നു.
ബാങ്കോക്കിൽ നിന്ന് രാത്രി 10.30ന് എഫ്ഡി 137 എയർ ഏഷ്യ വിമാനത്തിൽ എത്തിയ ബാഗേജിൽ 55 ബോൾ പെരുമ്പാമ്പുകളും 17 രാജവെമ്പാലകളും ഉൾപ്പെടുന്ന 78 മൃഗങ്ങൾ ഉണ്ടായിരുന്നു. 78 മൃഗങ്ങളും വന്യജീവി സംരക്ഷണ നിയമം, 1972 പ്രകാരമുള്ള ഷെഡ്യൂൾ മൃഗങ്ങളാണ്.
1962ലെ കസ്റ്റംസ് നിയമത്തിലെ സെക്ഷൻ 110 പ്രകാരമാണ് മൃഗങ്ങളെ പിടികൂടിയത്. ജീവനുള്ള മൃഗങ്ങളെ ഉത്ഭവ രാജ്യത്തേക്ക് നാടുകടത്തുകയും ചത്ത മൃഗങ്ങളെ ശരിയായ ശുചിത്വ നടപടികളോടെ സംസ്കരിക്കുകയും ചെയ്തിട്ടുണ്ടെന്ന് പ്രസ്താവനയിൽ വ്യക്തമാക്കുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.