ആ ദ്വീപിലേക്ക് പോകരുതേയെന്നേ ആരും പറയും. കാരണം ആ ദ്വീപിൽ കാലെടുത്തു വച്ചാൽ കളിമാറും…
പിന്നെ എന്തൊക്കെയാണ് നടക്കാൻ പോകുന്നതെന്നു മുൻകൂട്ടി പറയുക അസാധ്യം. ബ്രസീൽ തീരത്തുനിന്ന് 25 മൈൽ അകലെയായിട്ടാണ് ഈ വിചിത്ര ദ്വീപ് സ്ഥിതിചെയ്യുന്നത്.
ഈ ദ്വീപിൽ കാലെടുത്തുവയ്ക്കും മുന്പ് ഒരു പാട് ചിന്തിക്കണം. കാരണം ഈ ദ്വീപിന്റെ പേരു തന്നെ പാന്പുകളുടെ ദ്വീപ് എന്നാണ്.
പാന്പുകളുടെ ലോകം
വിഷമുള്ളതും ഇല്ലാത്തതുമായ ആയിരക്കണക്കിനു പാന്പുകൾ തലങ്ങും വിലങ്ങും വിഹരിക്കുന്ന ദ്വീപിന്റെ പേരാണ് ലാ ഇഹാ ദേ കെയ്മാദ ഗ്രാൻജെ.
അഥവാ പാമ്പുകളുടെ ദ്വീപ്. അപകട സാധ്യത കണക്കിലെടുത്തു ബ്രസീൽ ഭരണകൂടം ഈ ദ്വീപ് സന്ദർശിക്കുന്നതിൽനിന്ന് ആളുകളെ വിലക്കിയിട്ടുണ്ട്.
ഒരു മത്സ്യത്തൊഴിലാളിയാണ് അവസാനമായി ഈ ദ്വീപിൽ പോയതത്രേ. വഴിതെറ്റി എത്തിയതാണ് ആ മനുഷ്യൻ.
ദിവസങ്ങൾക്കു ശേഷം സ്വന്തം ബോട്ടിൽ രക്തക്കുഴൽ പൊട്ടി ആ മനുഷ്യൻ മരിച്ചു കിടക്കുന്നതാണു മറ്റുള്ളവർ കാണുന്നത്.
കൊടും വിഷം
ലോകത്തിലെ ഒട്ടുമിക്ക എല്ലാ മാരക വിഷമുള്ള പാന്പുകളും ഈ ദ്വീപിൽ ഉണ്ട്. ലാൻസ്ഹെഡുകൾ എന്നു വിളിക്കപ്പെടുന്ന ഒരിനം പാന്പുകളാണ് ഇവിടെ കൂടുതൽ.
ഈ പാന്പുകൾ ഒന്നരയടി നീളം വരെ വളരും. ദ്വീപിൽ ഏകദേശം 2,000 മുതൽ 4,000 വരെ ലാൻസ്ഹെഡുകൾ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്
ലാൻസ്ഹെഡുകൾ കടിച്ചാൽ ഒരു മണിക്കൂറിനുള്ളിൽ കടിയേറ്റയാൾ മരിക്കുമെന്ന് ഏതാണ്ട് ഉറപ്പാണ്. അത്രയ്ക്കു വിഷമാണ് ഈ പാന്പുകൾക്ക്.
പാന്പുകളുടെ വിഹാരകേന്ദ്രം ആയതുകൊണ്ടു തന്നെ ഈ ദ്വീപ് മനുഷ്യവാസ യോഗ്യമല്ല. കാരണം കൊടുംവിഷമുള്ള പാന്പുകൾ തലങ്ങും വിലങ്ങും പായുന്പോൾ അതിനിടയിൽ പോയി എങ്ങനെ ധൈര്യപൂർവം താമസിക്കാനാകും.
കൊല്ലപ്പെട്ട ജീവനക്കാരൻ
1920 കളുടെ അവസാനം വരെ ഈ ദ്വീപിൽ ആളുകൾ ചെറിയ തോതിലാണെങ്കിലും താമസിച്ചിരുന്നു.
ലൈറ്റ് ഹൗസ് സൂക്ഷിപ്പുകാരനും കുടുംബവുമാണ് അവസാനമായി അവിടെ താമസിച്ചിരുന്നത്.
ഒരു ദിവസം ജനൽപ്പടിയിലൂടെ ഇഴഞ്ഞു കയറിയ പാമ്പുകളുടെ കടിയേറ്റു ലൈറ്റ് ഹൗസ് ജീവനക്കാരനും കുടുംബവും കൊല്ലപ്പെട്ടു.
ഇന്നു ബ്രസീൽ നാവികസേന ലൈറ്റ് ഹൗസ് പരിപാലനത്തിനായി ദ്വീപ് സന്ദർശിക്കാറുണ്ട്.
അതും വലിയ തോതിലുള്ള മുൻ കരുതലുകലും സന്നാഹവുമായിട്ടാണ് നാവിക സേന ദ്വീപിൽ കയറുന്നത്. ആളുകൾ ആരും ദ്വീപിനടുത്തേക്ക് അറിഞ്ഞോ അറിയാതെയോ പോകുന്നില്ലെന്ന് അവർ ഉറപ്പാക്കുകയും ചെയ്യുന്നു.
പാന്പ് വന്ന വഴി
എങ്ങനെയാണ് ഇത്രയധികം പാമ്പുകൾ ആ ദ്വീപിൽ വന്നത് എന്നതിനെക്കുറിച്ചു പല കഥകളുമുണ്ട്.
അതിലൊന്ന്, കടൽ കൊള്ളക്കാർ ഇവിടെ നിധികൾ കുഴിച്ചിട്ടുണ്ടെന്നും അവയെ സംരക്ഷിക്കാനായിട്ടാണ് പാമ്പുകളെ തുറന്നു വിട്ടതെന്നുമാണ് ഒരു സംസാരം.
സമുദ്രനിരപ്പ് ഉയർന്നതിന്റെ ഫലമായിട്ടാണ് ഇവിടെ പാമ്പുകൾ ഉണ്ടായത് എന്നതാണ് മറ്റൊരു വശം. മുന്പ് ഈ ദ്വീപ് ബ്രസീലുമായി ചേർന്നു കിടന്നതായിരുന്നു.
നൂറ്റാണ്ടുകൾക്ക് മുന്പ് സമുദ്രനിരപ്പ് ഉയർന്നപ്പോൾ ദ്വീപ് ഭാഗം വേറിട്ടു പോകുകയായിരുന്നു. ഇതോടെ പാന്പുകൾ പെരുകുകയായിരുന്നത്രേ.
എന്നിരുന്നാലും, ലാൻസ്ഹെഡുകളുടെ മാരകമായ വിഷം ഹൃദയ സംബന്ധമായ ചികിത്സകൾക്കു നല്ലതാണെന്നു കണ്ടെതിനെത്തുടർന്നു കരിഞ്ചന്തയിൽ ഇവയുടെ വിഷത്തിനു വലിയ ഡിമാൻഡാണ്.
ജീവൻ പണയം വച്ചും ഈ പാന്പുകളെ പിടിച്ചു വിഷമെടുക്കുന്ന സംഘങ്ങളുമുണ്ടെന്നതാണ് വിചിത്രം.
തയാറാക്കിയത് : നിയാസ് മുസ്തഫ