കോട്ടയം: മൂർഖൻ, രാജവെന്പാല, മലന്പാന്പ് തുടങ്ങിയ ഉരഗവീരൻമാരെ പിടിക്കാൻ വനം ജീവനക്കാർക്ക് പരിശീലനം. വനംവകുപ്പിന്റെ ആഭിമുഖ്യത്തിൽ കോട്ടയം പാറന്പുഴ സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് പ്രൊട്ടക്ഷൻ ടീമാണു കോട്ടയം ഡിവിഷന്റെ കീഴിലുള്ള തെരഞ്ഞെടുക്കപ്പെട്ട ജീവനക്കാർക്ക് പരിശീലനം നൽകിയത്.
അശാസ്ത്രീയമായ പാന്പുപിടിത്തം, പാന്പുകളെ വലിയ വിലയ്ക്കു വിൽക്കുക, കൈവശം വയ്ക്കുക, കുറ്റകൃത്യങ്ങൾക്ക് ഉപയോഗിക്കുക തുടങ്ങിയവ അടുത്തനാളിൽ വർധിച്ച സാഹചര്യത്തിലാണ് വനംവകുപ്പ് പരിശീലന പരിപാടിയുമായി രംഗത്തെത്തിയത്.
ഇപ്പോൾ വനംവകുപ്പിൽ പാന്പുപിടിത്തത്തിൽ ട്രെയിനിംഗ് ലഭിച്ച ഉദ്യോഗസ്ഥർ കുറവാണ്. പ്രാദേശികമായ പാന്പുപിടിത്തക്കാരെയാണു കൂടുതലായി ഉപയോഗിക്കുന്നത്. ഇവർ പാന്പിനെ പിടിച്ച് വനംവകുപ്പിനെ ഏൽപ്പിക്കുകയാണു ചെയ്യുന്നത്.
വനം വകുപ്പിന്റെ അരിപ്പയിലൂള്ള ട്രെയിനിംഗ് സ്കൂളിലെ ഡെപ്യൂട്ടി ഡയറക്ടറായ മുഹമ്മദ് അൻവർ, വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയിലെ ജോസ് ലൂയിസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഒരു ദിവസത്തെ പരിശീലന പരിപാടി.
പാന്പുകളുടെ സ്വഭാവ രീതിയനുസരിച്ചും വിഷമുള്ളത്, വിഷമില്ലാത്തത് എന്നിങ്ങനെ തരം തിരിച്ചുമായിരുന്നു പരിശീലനം. പാന്പിനും പാന്പ് പിടിക്കുന്നയാൾക്കും ഒരുവിധ പരിക്കുകളും പറ്റാത്ത രീതിയിൽ സ്നേക്ക് ഹുക്ക്, പൈപ്പ് എന്നിവ ഉപയോഗിച്ച് പാന്പുകളെ ബാഗിനുള്ളിലാക്കുന്ന രീതിയാണു പ്രധാനമായും പരിശീലിപ്പിച്ചത്.
ഇതു കൂടാതെ പാന്പുകളെ ശാസ്ത്രീയമായി എങ്ങനെ പിടികൂടാമെന്നും കൂട്ടിലടച്ച പാന്പുകളെ തിരികെ ആവാസ വ്യവസ്ഥയിലേക്ക് എങ്ങനെ അയയ്ക്കാമെന്നും ക്ലാസുകളുണ്ടായിരുന്നു.
പരിശീലനത്തിനായി പാറന്പുഴ ഡിവിഷനിൽ സൂക്ഷിച്ചിരിക്കുന്ന മൂർഖൻ, മലന്പാന്പ്, കാട്ടുപാന്പ് എന്നിവയെയാണ് ഉപയോഗിച്ചത്. കോട്ടയം ഡിവിഷന്റെ കീഴിലുള്ള എരുമേലി, നകരംപാറ, കുമളി, അയ്യപ്പൻകോവിൽ റേഞ്ചുകൾക്ക് കീഴിലുള്ള 34 പേരാണു പരിശീലന പരിപാടിയിൽ പങ്കെടുത്തത്.
രണ്ടാംഘട്ട പരിശീലനത്തിൽ വനംവകുപ്പുമായി ചേർന്നു പ്രവർത്തിക്കുന്ന പാന്പുപിടിത്തക്കാർക്കും വോളണ്ടിയേഴ്സിനും താത്പര്യമുള്ള പൊതുജനങ്ങൾക്കും പരിശീലനം നൽകും.