അയർലൻഡിൽ യുവാവിനു പാന്പുകടിയേറ്റു. വിഷമുള്ള പാന്പിന്റെ കടി ആദ്യമായാണ് അയർലൻഡിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത് എന്നതാണ് ഈ വാർത്തയുടെ സവിശേഷതയെന്നു ദി ഐറിഷ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
ഇരുപത്തിരണ്ടുകാരനായ യുവാവിനാണു പാന്പുകടിയേറ്റത്. ഇയാൾ കൊണോല്ലിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. പഫ് അഡ്ഡർ എന്ന ഇനത്തിൽപ്പെട്ട വിഷപ്പാന്പാണു യുവാവിനെ കടിച്ചതെന്നാണു സൂചന. ഈ പാന്പിനെ ഇയാൾ വളർത്തിയിരുന്നതാണ് എന്നാണു റിപ്പോർട്ട്.
മൊറോക്കോയിലും പടിഞ്ഞാറൻ അറേബ്യയുടെ ചില ഭാഗങ്ങളിലും കാണപ്പെടുന്ന മാരക വിഷമുള്ള പാന്പാണു പഫ് അഡ്ഡർ. ഏറ്റവും അക്രമകാരിയും വിഷമുള്ളതുമാണ് ഇത്തരം പാന്പുകൾ. മറ്റ് ആഫ്രിക്കൻ പാന്പുകളേക്കാൻ ഈ ഇനത്തിനു വിഷമുണ്ട്.
അയർലൻഡിൽ ആദ്യമായാണ് ഒരാൾക്ക് ആന്റിവെനത്തിന്റെ ആവശ്യം വന്നതെന്ന് നാഷണൽ റെപ്റ്റൈൽ സൂ ഡയറക്ടർ ജയിംസ് ഹെന്നസി പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പാന്പുകളില്ലാത്ത രാജ്യമെന്നാണ് അയർലൻഡിനെ വിശേഷിപ്പിക്കുന്നത്. ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ (ഐസ് ഏജ്) കൊണ്ടാണ് അയർലൻഡിൽ പാന്പുകളില്ലാത്തതെന്നാണ് ശാസ്ത്രം കരുതുന്നത്.
എന്നാൽ എഡി അഞ്ചാം നൂറ്റാണ്ടിൽ സെന്റ് പാട്രിക് അയർലൻഡിലെ പാന്പുകളെയെല്ലാം സമുദ്രത്തിലേക്കു തുരത്തി എന്നാണു പ്രദേശവാസികളുടെ വിശ്വാസം.