ശരീമാസകലം രോമങ്ങൾ പോലെ വളർന്നിറങ്ങിയ വിചിത്ര രൂപമുള്ള പാന്പ് ആണ് ഇപ്പോൾ തായ്ലൻഡിലെ ചർച്ചാവിഷയം.
വടക്കൻ തായ്ലൻഡിലെ സഖോൺ നഖോൺ പ്രവിശ്യയിലാണ് ഈ വിചിത്ര ജീവിയെ ഗ്രാമീണർ കണ്ടെത്തിയത്.
ഇവിടെ ചതുപ്പിൽ ഇഴയുന്ന രീതിയിൽ ഒരു നാട്ടുകാരനാണ് ഈ വിചിത്ര പാന്പിനെ കണ്ടെത്തിയത്.
രണ്ടടിയോളം നീളം വരുന്ന പച്ച നിറമുള്ള ഈ പാന്പിന്റെ ശരീരം മുഴുവൻ രോമം പോലെ പോലെ വളർന്നിറങ്ങിയിരിക്കുകയാണ്. അതിനും പച്ചനിറം തന്നെയാണ്.
കഴിഞ്ഞ മാസം അവസാനം വീട്ടിലേക്കു നടക്കുന്നതിനിടയിലാണ് 49കാരൻ ഈ ജീവിയെ കണ്ടത്.
ആദ്യ കാഴ്ചയിൽ തന്നെ അന്പരന്നുപോയ അദ്ദേഹം വീട്ടുകാരെ കാണിക്കാനായി ഈ ജീവിയെ ഒരു പാത്രത്തിലാക്കി വീട്ടിലേക്കു കൊണ്ടുപോയി.
എന്തു ജീവിയാണെന്നു തിരിച്ചറിയാൻ കഴിയാത്തതിനാൽ വീട്ടുകാർ വെള്ളം നിറച്ച പാത്രത്തിൽ ഇതിനെ ഇട്ടുവച്ചു. ചെറുമീനുകളാണ് തീറ്റയായി നൽകിയത്.
പാമ്പിനെ തിരിച്ചറിയാൻ സഹായം അഭ്യർഥിച്ചു പനിയാശൺ എന്ന യുവതി പാമ്പിന്റെ ചില ഫോട്ടോകളും വീഡിയോകളും എടുത്ത് ഓൺലൈനിൽ പോസ്റ്റ് ചെയ്തു.
ഫേസ്ബുക്കിൽ പലരും ഈ ജീവിയെ ഒരു മഹാസർപ്പത്തോട് ഉപമിച്ചു, ചിലർ ഇതു പാന്പിന്റെ ശരീരത്തിൽ പായൽ പറ്റിപ്പിടിച്ചു വളർന്നതായിരിക്കാമെന്നും കമന്റ് ചെയ്തു.
അതേസമയം, മുറിവേറ്റ മൃഗങ്ങളെ രക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന വൈൽഡ് ലൈഫ് എആർസിയിലെ സ്നേക്ക് സ്പീഷീസ് കോർഡിനേറ്ററായ സാം ചാറ്റ്ഫീൽഡ്, ഈ ജീവി അതിന്റെ ചെതുമ്പലിൽ വളരുന്ന ആൽഗകളുള്ള ഒരു പഫ്-ഫേസ് വാട്ടർ പാമ്പായിരിക്കാമെന്ന് ചൂണ്ടിക്കാണിച്ചു.
പഫ് ഫെയ്സ്ഡ് വാട്ടർ പാമ്പുകൾ നേരിയ വിഷമുള്ളവയാണ്, പ്രധാനമായും തെക്കുകിഴക്കൻ ഏഷ്യയിലാണ് ഇവ കാണപ്പെടുന്നത്.
ഈ രാത്രികാല പാമ്പുകൾ പ്രധാനമായും ചെറിയ തവളകളെയും മത്സ്യങ്ങളെയുമാണ് ഭക്ഷിക്കുന്നത്.