ഭയമായോ കൗതുകമായോ പാന്പുകളെക്കുറിച്ചുള്ള ചിന്തകളും സംശയങ്ങളും നമ്മുടെയുള്ളിലുണ്ടാകും. പാന്പുകളിൽ പേടിക്കേണ്ടത് ആരെയൊക്കെ?, അപകടകാരികളല്ലാത്ത പാന്പുകൾ, പാന്പുകടിയേറ്റാൽ നൽകേണ്ട പ്രഥമശുശ്രൂഷ, വിഷചികിത്സാ സൗകര്യമുള്ള ആശുപത്രികൾ തുടങ്ങി എത്രയെത്ര സംശയങ്ങളാണ് നമുക്കുള്ളത്.
ഇത്തരം സംശയങ്ങൾക്കുള്ള മറുപടിയുമായി എത്തുകയാണ് സ്നേക്പീഡിയ. കേരളത്തിലെ പാന്പുകളെക്കുറിച്ചുള്ള സമഗ്രമായ ആൻഡ്രോയ്ഡ് മൊബൈൽ ആപ്ലിക്കേഷനായ സ്നേക്ക്പീഡിയയുടെ ലോഞ്ചിംഗ് ഇന്ന് നടക്കും.
90 ശതമാനവും ഓഫ് ലൈൻ ആപ്പായ സ്നേക്ക്പീഡിയയിൽ പാന്പുകളെ തിരിച്ചറിയാനുള്ള ഓണ്ലൈൻ ഹെൽപ്ലൈൻ കൂടിയുണ്ട്.
മലയാളത്തിന് പ്രാധാന്യം നൽകി രൂപകല്പന ചെയ്തിരിക്കുന്ന ആപ്പിൽ ഇംഗ്ലീഷ് വിവരണങ്ങളും ശബ്ദരേഖയും ലഭ്യമാണ്.
പാന്പുകളെ ചിത്രങ്ങളുടെയും ശബ്ദരേഖയുടെയും സഹായത്തോടെ പരിചയപ്പെടുത്തുന്നതിന് ഒപ്പം പ്രഥമശുശ്രൂഷയെക്കുറിച്ചും ചികിത്സയെക്കുറിച്ചും നമ്മുടെ നാട്ടിൽ പ്രചാരത്തിലിരിക്കുന്ന കെട്ടുകഥകളെക്കുറിച്ചും അന്ധവിശ്വാസങ്ങളെക്കുറിച്ചും വിശകലനം ചെയ്യുന്നു.
ശാസ്ത്രവിദഗ്ദരും പ്രകൃതിസ്നേഹികളും ഡോക്ടർമാരും ചേർന്ന ഒരു കൂട്ടായ്മയാണ് ഈ സൗജന്യ മൊബൈൽ ആപ്ലിക്കേഷൻ തയ്യാറാക്കിയിരിക്കുന്നത്.
ഇത് ഉപകാരപ്പെടും
ഒരിക്കലല്ലെങ്കിൽ മറ്റൊരിക്കൽ ഒരു ജീവൻ രക്ഷാ മാർഗമായി ഉപകാരപ്പെട്ടേക്കാവുന്ന ഒരു ആപ്പാണിത്. പാന്പിനെ തിരിച്ചറിയുന്ന വിഷയത്തിൽ പൊതുസമൂഹത്തിന് പ്രയോജനകരമായ ഒരു വഴി എങ്ങനെ കണ്ടുപിടിക്കാം എന്ന ചോദ്യത്തിന്റെ ഉത്തരമാണ് സ്നേക്ക്പീഡിയയെന്ന് ആപ്പിന്റെ അണിയറപ്രവർത്തകരായ നവീൻലാൽ പയ്യേരിയും ഡോ. ജിനേഷ് പി.എസും പറഞ്ഞു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഫീച്ചർ ഉപയോഗിച്ച് പാന്പുകളെ തിരിച്ചറിയാനുള്ള ഓഫ് ലൈൻ ഫീച്ചർ ഉടൻ തയ്യാറാക്കാനുള്ള ശ്രമത്തിലാണെന്നും ഇവർ കൂട്ടിച്ചേർത്തു.
12 കുടുംബങ്ങൾ
മുന്നൂറിലധികം ഇനങ്ങളിൽപ്പെട്ട പാന്പുകളാണ് ഇന്ത്യയിലുള്ളത്്. കേരളത്തിൽ പന്ത്രണ്ട് കുടുംബങ്ങളിലായി നൂറിലധികം ഇനം പാന്പുകളുണ്ട്.
കേരളത്തിന് അകത്തും പുറത്തുമുള്ള 130-ൽ പരം ആളുകൾ പകർത്തിയ പാന്പുകളുടെ ചിത്രങ്ങളാണ് ആപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇതിൽ പാന്പുകളിൽ ഗവേഷണം ചെയ്യുന്നവരും വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർമാരും ഉൾപ്പെടുന്നു. പാന്പുകളെ അവയുടെ ഇംഗ്ളീഷ് പേരിന്റെയോ, മലയാളം പേരിന്റെയോ, ശാസ്ത്രനാമത്തിന്റെയോ ആദ്യത്തെ അക്ഷരങ്ങൾ ഉപയോഗിച്ച് ലളിതമായി കണ്ടുപിടിക്കാം. ചിത്രങ്ങൾ സഹിതമുള്ള ലളിതമായ വിവരണം സ്നേക്ക്പീഡിയയെ വ്യത്യസ്തമാക്കുന്നു.