തനി നാട്ടിന്‍ പുറങ്ങളില്‍ നടക്കുന്ന ചില കാര്യങ്ങള്‍ വിശ്വസിക്കാന്‍ പോലും പ്രയാസമാണ്. അത്തരത്തിലുള്ള ഒന്നാണ് വെസ്റ്റ് ബംഗാളിലെ ബുര്‍ദ്‌വാന്‍ ജില്ലയിലെ ഒരു ഗ്രാമത്തില്‍ നിന്ന് പുറത്തുവരുന്നത്. അഞ്ച് നൂറ്റാണ്ടായി ഘോരസര്‍പ്പങ്ങളോടൊപ്പമാണ് ഇവിടുത്തെ ഏഴ് ഗ്രാമങ്ങളിലെ ജനങ്ങള്‍ കഴിഞ്ഞു വരുന്നത്. വിഷപാമ്പുകളോടൊപ്പം കഴിയുന്നു എന്ന് പറയുന്നത് അക്ഷരാര്‍ത്ഥത്തിലാണ്. കാരണം ഈ ഗ്രാമപ്രദേശങ്ങളിലെ പാടത്തും പറമ്പിലും മുതല്‍ റോഡുകളിലും തൊഴുത്തുകളിലും എന്തിനേറെപ്പറയുന്നു, അടുക്കളയിലും കിടപ്പുമുറികളിലും വരെ ചീറ്റിക്കൊണ്ട് പാമ്പുകള്‍ കയറി ഇറങ്ങുന്നു. ജ്വഹന്‍ങ്കേശ്വരി ക്ഷേത്രം എന്ന പേരില്‍ നാഗദേവിയ്ക്ക് വേണ്ടി അമ്പലം വരെ ഇന്നാട്ടുകാര്‍ നിര്‍മ്മിച്ചിട്ടുണ്ട്.
നാട്ടില്‍ വിഷപ്പാമ്പുകള്‍ തലങ്ങും വിലങ്ങും വിഹരിക്കുന്നുണ്ടെങ്കിലും അവ മനുഷ്യരേയോ മൃഗങ്ങളെയോ കടിയ്ക്കാറില്ല. അതിനെ ആരെങ്കിലും ശല്യപ്പെടുത്തുകയോ അതിന്റെ മേല്‍ ചവിട്ടുകയോ ചെയ്താലല്ലാതെ ഒരുപദ്രവവും പാമ്പില്‍ നിന്ന് ഉണ്ടാവില്ല. ഇത്തരത്തില്‍ ആരെയെങ്കിലും കടിച്ചാല്‍ തന്നെ കുളത്തില്‍ ഒന്ന് കാല്‍ മുക്കുകയും ഒരു ദിവസം ഉപവസിക്കുകയും ചെയ്താല്‍ മതി വിഷം താനേ ഇറങ്ങും. പിന്നീട് യാതൊരു അസ്വസ്ഥതകളും ഉണ്ടാവുകയുമില്ല. പാമ്പ് കടിച്ചാല്‍ തന്നെ വൈദ്യന്റെ അടുത്തേയ്‌ക്കോ ഡോക്ടറുടെ അടുത്തേയ്‌ക്കോ ഞങ്ങള്‍ ഓടാറില്ല. ജ്വഹന്‍ങ്കേശ്വരി ക്ഷേത്രത്തിലെ പൂജാരി പറയുന്നു. ഏഴ് ഗ്രാമത്തിലേയും ആളുകള്‍ ഒരേ സ്വരത്തില്‍ സമ്മതിക്കുന്ന കാര്യമാണിത്.
സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയില്‍ നിന്ന് വിദഗ്ധര്‍ എത്തി കാര്യങ്ങള്‍ അന്വേഷിക്കുകയും പഠനങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. അത്യന്തം അപകടകരമായ വിധത്തിലുള്ളതും മാരക വിഷമുള്ളതുമായ പാമ്പുകളാണ് ഈ ഗ്രാമത്തിലുള്ളതെന്ന് അവര്‍ കണ്ടെത്തുകയും ചെയ്തു. എന്നാല്‍ പാമ്പിന്റെ കടി എന്തുകൊണ്ടാണ് ആളുകള്‍ക്ക് ഏല്‍ക്കാത്തതെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നില്ല. ദൈവികമായ എന്തോ ഒന്നാണ് ഇതിന് പിന്നിലെന്നാണ് നാട്ടുകാര്‍ വിശ്വസിക്കുന്നത്.
സാധാരണ പാമ്പുകള്‍ കാട്ടാറുള്ളതുപോലെ ഇവിടെയുള്ള പാമ്പുകള്‍ ആളുകളെ കാണുമ്പോള്‍ ഓടിയൊളിയ്ക്കാറുമില്ല. ആളുകളുടെ വിശ്വാസത്തിന്റെ ഭാഗമാണ് ഇത്. ബെഹുള, ലോകിന്തര്‍ എന്നിവരാണ് നാട്ടില്‍ നിലനില്‍ക്കുന്ന ഐതിഹ്യങ്ങളിലെ കഥാപാത്രങ്ങള്‍. ലോകിന്തറിന് ഒരിക്കല്‍ പാമ്പ് കടിയേറ്റപ്പോള്‍ ഭാര്യ ബെഹൂള നാഗദേവിയോട് യാചിച്ച് ഭര്‍ത്താവിന്റെ ശരീരത്തില്‍ നിന്ന് വിഷം പൂര്‍ണ്ണമായും തിരിച്ചെടുപ്പിച്ചു. അന്ന് ദേവി ബെഹൂളയ്ക്ക് കൊടുത്ത വാക്കിന്‍പ്രകാരമാണ് ഇന്ന് ഈ ഏഴ് ഗ്രാമത്തിലെ ആളുകള്‍ക്ക് വിഷപാമ്പുകളുടെ കടിയേല്‍ക്കാത്തതെന്നാണ് ഇവരുടെ വിശ്വാസം.