ഗുവാം! പാമ്പുകള്‍ അടക്കിവാഴുന്ന ദ്വീപ്; കൊടും വിഷവും അടങ്ങാത്ത വിശപ്പും പാമ്പിന്റെ പ്രത്യേകതകള്‍; ദ്വീപിലെ ആവാസവ്യവസ്ഥയെ തകിടംമറിച്ച പാമ്പ് വര്‍ഗത്തെക്കുറിച്ചറിയാം

gmkgmഗുവാം എന്ന ഈ ദ്വീപിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് തന്നെയാണ്. ജപ്പാനും ഓസ്‌ട്രേലിയയ്ക്കും ഇടയിലുള്ള ദ്വീപാണിത്. പാമ്പാണ് ഇപ്പോള്‍ ഇവിടുള്ളവരുടെ പ്രധാന പ്രശ്‌നം. ദ്വീപിലെ മറ്റ് മൃഗങ്ങളെപ്പോലും നശിപ്പിക്കുന്ന തരത്തിലാണ് ഈ ദ്വീപില്‍ പാമ്പുകളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നത്. ബോയിഗാ ഇറെഗുലാരിസ് എന്നയിനം തവിട്ട് നിറമുള്ള പാമ്പുകളാണ് ദ്വീപിലെ ജൈവവ്യവസ്ഥയെ മുഴുവന്‍ തകര്‍ക്കുന്നത്. മൃഗങ്ങള്‍ക്ക് മാത്രമല്ല, ഈ പാമ്പുവര്‍ഗത്തിന്റെ ഭീഷണി നേരിടേണ്ടി വരുന്നത്. മരങ്ങളുടെ വളര്‍ച്ചയെ പോലും ഇവ ദോഷകരമായി ബാധിക്കാറുണ്ട്.

ഗുവാം സ്വദേശികളല്ല ഈ പാമ്പുകള്‍. മറിച്ച് വിദേശത്തുനിന്നു വന്നവയാണ്. വ്യാപകമായി പെറ്റുപെരുകിയ ഇവയ്ക്ക് കാര്യമായ ശത്രുക്കള്‍ ഈ ദ്വീപിലില്ല. അതുകൊണ്ടു തന്നെ അംഗസംഖ്യ വന്‍തോതില്‍ വര്‍ധിക്കാന്‍ ഈ അനുകൂല സാഹചര്യം കാരണമായി. കാര്യമായ വിഷമുള്ള ഇവയുടെ മറ്റൊരു പ്രത്യേകത അടങ്ങാത്ത വിശപ്പാണ്. ഇടയ്ക്കിടക്ക് എന്തെങ്കിലും കഴിച്ചുകൊണ്ടിരിക്കണം ഈ പാമ്പുകള്‍ക്ക്. പ്രാണികള്‍ മുതല്‍ പക്ഷികള്‍ വരെയുള്ള ഒരു ജീവികളേയും ഇവ വെറുതെ വിടില്ല. എല്ലാത്തിനേയും നിമിഷങ്ങള്‍ക്കകം അകത്താക്കും.

പുവാന്യൂ ഗിനിയയില്‍ നിന്ന് അമേരിക്കന്‍ സൈന്യത്തിന്റെ ബോട്ടിലോ മറ്റോ ആണ് ഇവ ദ്വീപിലേക്കെത്തിയതെന്നാണു കരുതപ്പെടുന്നത്.1980 കളിലാണ് ഇവ ഇവിടെയെത്തിയത്. ഇപ്പോള്‍ ഏതാണ്ട് 20 ലക്ഷത്തോളം പാമ്പുകള്‍ ദ്വീപിലുണ്ടെന്നാണു കണക്കാക്കുന്നത്. അതായത് 544 ചതുരശ്ര കിലോമീറ്റര്‍ മാത്രം വലിപ്പമുള്ള ഈ ദ്വീപില്‍ ഒരു ചതുരശ്ര കിലോമീറ്ററില്‍ അയ്യായിരം പാമ്പുകളെ കാണാന്‍ കഴിയും. ആ നിലയ്ക്കാണ് ഇവയുടെ വളര്‍ച്ച. അനേകം പക്ഷി വര്‍ഗങ്ങള്‍ക്കും ഇതിനോടകം വംശനാശം നേരിട്ടു കഴിഞ്ഞു. പക്ഷികളെ മാത്രമല്ല, അവയുടെ മുട്ടയും ഈ പാമ്പുകള്‍ അകത്താക്കുന്നതാണ് ഇത്രവേഗം ഇവയ്ക്ക് വംശനാശ ഭീഷണി നേരിടാന്‍ കാരണം.

മരങ്ങളിലെ ഫലങ്ങള്‍ ഭക്ഷിക്കുന്ന പക്ഷികള്‍ വിസര്‍ജിക്കുന്ന വിത്തിലൂടെയാണ് അവയുടെ പ്രത്യുല്‍പാദനവും വളര്‍ച്ചയും നടന്നിരുന്നത്. എന്നാല്‍ ഈ പ്രക്രിയ നടത്താന്‍ പക്ഷികള്‍ ഇല്ലാതായതോടെയാണ് വൃക്ഷങ്ങളുടെ വളര്‍ച്ചയും സ്വാഭാവികമായും നിലച്ചത്. പ്രകൃതിയുടെ ആവാസവ്യവസ്ഥയ്ക്ക് മാത്രമല്ല, അമേരിക്കന്‍ ഗവണ്‍മെന്റിലുപോലും വന്‍നഷ്ടമാണ് ഈ പാമ്പുകള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. ദ്വീപിലെ വൈദ്യുതീകരണ സംവിധാനങ്ങള്‍ ഇവ കയറിയിറങ്ങി നശിപ്പിക്കുന്നതാണിതിന് കാരണം. പകര്‍ച്ചവ്യാധിയ്ക്ക് സമാനമായ ഈ പാമ്പുവര്‍ഗത്തിന്റെ വളര്‍ച്ചയെ നിയന്ത്രിച്ചില്ലെങ്കില്‍ വന്‍ ദുരന്തമായിരിക്കും ഭാവിയില്‍ ഉണ്ടാവാന്‍ പോവുക എന്നതാണ് സത്യം.

Related posts